Obituary | ഷാഹുൽ ഹമീദ് കളനാട്: വിടവാങ്ങിയത് നാടിൻ്റെ പഴമയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരൻ
● ഉദുമയുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ എഴുത്തുകൾ വളരെ ശ്രദ്ധേയമായിരുന്നു.
● ചന്ദ്രിക പത്രത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം സാമൂഹിക പ്രവർത്തന രംഗത്തും സജീവമായിരുന്നു.
● ഉദുമയുടെ ഓരോ സ്പന്ദനങ്ങളും കടലാസിൽ എഴുതിയിരുന്നു.
അബ്ദുല്ലക്കുഞ്ഞി ഉദുമ
(KasargodVartha) ഷാഹുൽ ഹമീദ് കളനാടുമായി എനിക്ക് വർഷങ്ങൾക്ക് മുമ്പ ത്തെ പരിചയമുണ്ട്. പഴയ കാലത്ത് ചന്ദ്രിക പത്രത്തിൻ്റെ ഉദുമയുടെ പ്രാദേശിക ലേഖകനായി പാലക്കുന്നിൽ കുട്ടിയേട്ടനോടൊപ്പം പ്രവർത്തിച്ച കാര്യങ്ങൾ പറയാറുണ്ടായിരുന്നു. ഉദുമയുടെ ഓരോ സ്പന്ദനങ്ങളും കടലാസിൽ എഴുതി കവറിലാക്കി കോഴിക്കോട് ഓഫീസിൽ അയച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു അന്നത്തെ പത്രപ്രവർത്തന രീതി. അടുത്ത കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നവ മാധ്യമങ്ങളിലും സജീവമായി എഴുതിയിരുന്നു.
നമ്മുടെ നാട്ടിൽ നിന്നും അന്യം നിന്നുപോകുന്ന പഴമയുടെ അടയാളങ്ങളെ കുറിച്ചും പരമ്പരാഗതമായ സാംസ്‌കാരിക മൂല്യങ്ങളെ കുറിച്ചുമുള്ള ഓർമ്മപ്പെടുത്തലായിരുന്നു ഹമീദ് കളനാടിന്റെ കുറിപ്പുകൾ. ഹമീദ് കളനാടൻ എന്ന പേരിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. എല്ലാ ദിവസവും ഒരു കുറിപ്പെങ്കിലും എഴുതുമായിരുന്നു. പല എഴുത്തുകളും ബാല്യകാല ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതായിരുന്നു.
തൃക്കണ്ണാട് ആറാട്ട്, പാലക്കുന്ന് ഭരണി, ഉദുമ കണ്ണികുളങ്ങര ചന്ത എന്നിവയെ കുറിച്ച് മനോഹരമായി എഴുതിയിരുന്നു. എയിംസ് ജനകീയ കൂട്ടായ്മ, കാസർകോട് മെഡിക്കൽ കോളജ് ജനകീയ സമിതി പ്രവർത്തകനായ ഹമീദ്ച്ച ഇതിന് വേണ്ടി ഒട്ടേറെ ശബ്ദമുയർത്തിയിരുന്നു. ചെറിയ കുറിപ്പുകളിലൂടെ സമൂഹത്തിൽ വലിയ സ്വാധീനം നേടിയ ഹമീദ് കളനാടിൻ്റെ കുറിപ്പിലൂടെ സാധിച്ചിട്ടുണ്ട്. വടക്കൻ പെരുമ എന്ന പേരിൽ ഹമീദ് കളനാട് ക്രിയേറ്റ് ചെയ്ത ഫേസ്ബുക്ക് പേജിൽ ഒരുപാട് കുറിപ്പുകൾ എഴുതിയിരുന്നു.
വടക്കൻ പെരുമ മാഗസിനായി പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹം അദ്ദേഹം പല തവണ എന്നോട് പറഞ്ഞു. പക്ഷേ, ആ ആഗ്രഹം പൂർത്തീകരിക്കാതെയാണ് ഹമീദ് ച്ച നമ്മെ വിട്ടുപിരിഞ്ഞത്. മൂന്നാഴ്ച മുമ്പ് എംഎ റഹ് മാൻ മാഷ് ഷാഹുൽ ഹമീദ്ച്ചാക്ക് കൊടുക്കാൻ ഏൽപിച്ച പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ ഓർമ്മകളുടെ പുഴയോരം എന്ന പുസ്തകം അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് ഏൽപ്പിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. ഏറ്റവും ഒടുവിൽ തിരുവോണ ദിവസമാണ് വോയ്സ് മെസേജ് അയച്ചത്. ആ ശബ്ദത്തിന് നല്ല വിറയൽ ഉണ്ടായിരുന്നു.
ഉത്രാട ദിവസം പാലക്കുന്നിൽ പൂവിൽപ്പനക്കാരെ കുറിച്ച് ചെയ്ത വീഡിയോ ഉദുമക്കാർ കൂട്ടായ്മയിൽ പോസ്റ്റ് ചെയ്തത് കണ്ട ഹമീദ്ച്ച വിറക്കുന്ന സംസാരത്തോടെ ആ വീഡിയോ വടക്കൻ പെരുമ ഫേസ്ബുക്കിൽ കൂടി പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. കാസർകോട് ടൗണിൽ വന്നാൽ ചന്ദ്രിക ബ്യൂറോയിൽ വരും. സ്റ്റെപ്പ് കയറാൻ പ്രയാസമുണ്ടായിരുന്നുവെങ്കിലും ഒരു മടിയും കാണിക്കാറില്ല. ചന്ദ്രികയുടെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ സ്വീകരിച്ചാണ് അദ്ദേഹം തിരിച്ച് പോകാറുള്ളത്.
ഏറ്റവും ഒടുവിൽ ഹമീദ്ച്ചയെ കാണാൻ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷന് മുന്നിലെ വിൻടെച്ച് ആശുപത്രിയിൽ ചെന്നു. വെൻ്റിലേറ്ററിലായതിനാൽ സാധിച്ചില്ല. തിങ്കളാഴ്ച രാവിലെ കളനാട്ടെ വീട്ടിൽ ഹമീദ്ച്ചയുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. പ്രിയപ്പെട്ട ഹമീദ്ച്ച ഇനി നമ്മോടപ്പമില്ല. മരണത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമുണ്ടായ ദു:ഖത്തിൽ പങ്ക് ചേരുന്നു.
(ലേഖകൻ ചന്ദ്രിക ദിനപത്രം കാസർകോട് ബ്യൂറോ ചീഫ് റിപ്പോർട്ടർ ആണ്)
#ShahulHameedKalanad #MalayalamWriter #Obituary #Literature #Journalism #Udum #Kasaragod