Obituary | കെ പി കുഞ്ഞിക്കണ്ണൻ കോൺഗ്രസിനെ കാസർകോട്ട് വളർത്തുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവ്
● സഹകരണ മേഖലയിൽ നിരവധി സ്ഥാപനങ്ങൾ സ്ഥാപിക്കാൻ പ്രോത്സാഹനം നൽകി.
● കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു.
● കാൻഫെഡ് പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനായിരുന്നു.
കാസർകോട്: (KasargodVartha) ജില്ലയിൽ കോൺഗ്രസിനെ വളർത്തുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവാണ് കെ പി കുഞ്ഞിക്കണ്ണൻ. വിദ്യാനഗറിൽ ഇന്ന് കാണുന്ന ജില്ലാ കോൺഗ്രസ് കമിറ്റി ആസ്ഥാനത്തിനായി ദേശീയപാതയ്ക്കരികിലെ കണ്ണായ സ്ഥലം വാങ്ങിയത് ജില്ല രൂപീകരിച്ച ശേഷം ആദ്യത്തെ ഡിസിസി പ്രസിഡണ്ടായിരുന്ന കെ പി കുഞ്ഞിക്കണ്ണൻ ആയിരുന്നു. ഗ്രാമയാത്ര നടത്തിയായിരുന്നു സ്ഥലം വാങ്ങുന്നതിനുള്ള പണം അദ്ദേഹം സ്വരൂപിച്ചത്.
കെ കരുണാകരൻ്റെ വിശ്വസ്തനായത് കൊണ്ട് കെ പി കുഞ്ഞിക്കണ്ണൻ്റെ നിലപാടുകൾക്ക് പാർടിയിൽ എന്നും സ്വീകാര്യതയുണ്ടായിരുന്നു. രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങൾക്കൊപ്പം അനൗപചാരിക വിദ്യാഭ്യാസ പ്രസ്ഥാനമായ കാൻഫെഡിനൊപ്പം ചേർന്ന് ഏറെക്കാലം മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. പി എൻ പണിക്കരുടെ പേരിൽ കാഞ്ഞങ്ങാട് അമ്പലത്തറ പറക്കളായിൽ ആയുർവേദ കോളജ് സ്ഥാപിച്ചത് കെ പി കുഞ്ഞിക്കണ്ണനായിരുന്നു. ട്രസ്റ്റ് രൂപീകരിച്ചായിരുന്നു പ്രവർത്തനം.
സഹകരണ മേഖലയിൽ പാർടിക്ക് വേണ്ടി ഒരുപാട് സ്ഥാപനങ്ങൾ ഉണ്ടാക്കാൻ പ്രോത്സാഹനം നൽകിയ കെ പി കാഞ്ഞങ്ങാട് ആസ്ഥാനമായി സോഷ്യൽ വെൽഫേർ വർകേഴ്സ് സൊസൈറ്റി രൂപീകരിച്ച് പ്രവർത്തിച്ച് വന്നിരുന്നു. വൈദ്യുതി ബോർഡ് അംഗമായിരുന്ന അദ്ദേഹം ജില്ലയിലെ രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഇടപെടൽ നടത്തിയിരുന്നു.
കോൺഗ്രസിൽ ഗ്രൂപ് പ്രവർത്തനം കൊടുമ്പിരി കൊള്ളുന്ന കാലത്തും മുൻ എംപി ഐ രാമറായി, കോടോത്ത് ഗോവിന്ദൻ നായർ, കെ വെളുത്തമ്പു, കെ പി അമ്പാടി മാസ്റ്റർ, പി.ഗംഗാധരൻ നായർ, എൻ ടി ജോസഫ്, ഡോ. ഇബ്രാഹിം കുഞ്ഞ്, അന്തുമായി നീലേശ്വരം, മലയോരത്തെ പാപ്പച്ചൻ, എൻ ടി ജോസഫ്, പോത്തൻ, എൽ കെ അസൈനാർ, കരിമ്പിൽ കൃഷ്ണൻ, കെ വി ഗംഗാധരൻ, പി എ അശ്റഫ് അലി, ബാലകൃഷ്ണ വോർക്കുടലു, തച്ചങ്ങാട് ബാലകൃഷ്ണൻ, സി കെ ശ്രീധരൻ, എൻ മഹേന്ദ്ര പ്രതാപ്, അഡ്വ. എ സി ജോസ്, ഖാദർ മാങ്ങാട് തുടങ്ങി മുൻനിര കോൺഗ്രസ് നേതാക്കൾക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച് കോൺഗ്രസിനെ ജില്ലയിൽ ശക്തമായ പ്രസ്ഥാനമായി വളർത്താൻ കെ പിക്ക് കഴിഞ്ഞു.
ഒരു ഘട്ടത്തിൽ കോൺഗ്രസിന് കാസർകോട് ജില്ലയിൽ എംപിയും രണ്ട് എംഎൽഎമാരും ഉണ്ടായിരുന്ന സുവർണ കാലഘട്ടം സമ്മാനിക്കുന്നതിലും ശക്തമായി പ്രവർത്തിച്ച നേതാവായിരുന്നു. രാഷ്ട്രീയ അക്രമങ്ങൾക്ക് എതിരാണെങ്കിലും കൊലപാതകങ്ങളും അക്രമസംഭവങ്ങളും അരങ്ങേറിയ ബന്തടുക്ക, ചീമേനി പോലുള്ള ജില്ലയിലെ പല സ്ഥലങ്ങളിലും ഓടിയെത്തി പ്രവത്തകർക്ക് ആത്മവിശ്വാസവും സാന്ത്വനവും നൽകി പ്രസ്ഥാനത്തോടൊപ്പം പിടിച്ചു നിർത്താൻ കരുത്ത് പകർന്ന നേതാവായിരുന്നു കെപി കുഞ്ഞിക്കണ്ണനെന്ന് ഒപ്പം പ്രവർത്തിച്ചവർ അനുസ്മരിക്കുന്നു.
ഖാദി ലേബർ യൂണിയൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന അദ്ദേഹം ഖാദി വസ്ത്ര പ്രചാരകനായിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടുള്ള പ്രസന്നവദനായ സൗമ്യ സ്വഭാവത്തിനുടമയായ കെ പി കുഞ്ഞിക്കണ്ണൻ രാഷ്ട്രീയത്തിലുപരി എല്ലാവരുമായുംനല്ല ബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു.
കണ്ണൂരിലെ കോൺഗ്രസ് നേതാവായിരുന്ന എൻ രാമകൃഷ്ണൻ യൂത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയിരുന്നപ്പോൾ യൂത് കോൺഗ്രസ് സംസ്ഥാന ജെനറൽ സെക്രടറിയായിരുന്നു. എഐസിസി ജെനറൽ സെക്രടറി കെ സി വേണുഗോപാൽ, എം.കെ രാഘവൻ എം പി, വി എൻ എരിപുരം, എൻ നാരായണൻകുട്ടി തുടങ്ങി പയ്യന്നൂരിലെ പല കോൺഗ്രസ് നേതാക്കളുമായി മികച്ച ആത്മബന്ധം പുലർത്തി വന്ന നേതാവായിരുന്നു.
ഒരു കാലത്ത് കെ കരുണാകരൻ്റെ തണലിൽ പ്രവർത്തിച്ച രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, ജി കാർത്തികേയൻ, ടി ശരത്ചന്ദ്രപ്രസാദ്, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർക്കൊപ്പം തലസ്ഥാനത്തെ പല നിർണായക രാഷ്ട്രീയ കരുനീക്കങ്ങളിലും കെ പി കുഞ്ഞിക്കണ്ണൻ്റെ സാന്നിധ്യവും അന്നത്തെ കാലത്ത് ചർച്ചയായിരുന്നു. കെ കരുണാകരൻ ഡിഐസി രൂപീകരിച്ച് പാർടി വിട്ടപ്പോൾ ഒപ്പം നിന്ന പ്രധാന നേതാക്കളിൽ ഒരാളായിരുന്നു കെ പി കുഞ്ഞിക്കണ്ണൻ.
#KPKunhikannan, #Congress, #Kerala, #Kasaragod, #Obituary, #RIP