Obituary | വ്യാപാര പ്രമുഖൻ കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി വിടവാങ്ങി
മത-സാമൂഹ്യ- രാഷ്ട്രീയ-വ്യാപാര -വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമാണ്
കാഞ്ഞങ്ങാട്: (KasargodVartha) വ്യാപാര പ്രമുഖൻ ചിത്താരിയിലെ കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി (89) നിര്യാതനായി. അതിഞ്ഞാലിലെ കുളിക്കാട് സെറാമിക് ഹൗസ്, കുളിക്കാട് ഇലക്ട്രികൽസ്, കുളിക്കാട് ഏജൻസീസ്, കുളിക്കാട് ഹാർഡ്‌വെയേർസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. മംഗ്ളൂറിലെ അറ്റെലിയർ ജി4 എന്ന കെട്ടിട നിർമാണ സാമഗ്രികൾ വിതരണ ചെയ്യുന്ന കംപനിയുടെയും സ്ഥാപകനാണ്.
അരനൂറ്റാണ്ടിലേറെ വ്യാപാര രംഗത്ത് നിറഞ്ഞ് നിന്ന അദ്ദേഹം മത-സാമൂഹ്യ- രാഷ്ട്രീയ-വ്യാപാര -വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമാണ്. പ്രതിസന്ധികളെ ധീരമായി നേരിട്ട വ്യാപാര പ്രമുഖനായിരുന്നു അദ്ദേഹം. നിലവിൽ സമസ്ത കേരള സുന്നി മഹൽ ഫെഡറേഷൻ ജില്ലാ ട്രഷററായി പ്രവർത്തിച്ച് വരികയായിരുന്നു. ഹൊസ്ദുർഗ് താലൂക് മുസ്ലിം ലീഗ് പ്രസിഡന്റ് ആയിരുന്നു.
കാസർകോട് ജില്ലയിൽ ഹൈസ്‌കൂളുകൾ തുടങ്ങാൻ മുൻകയ്യെടുത്ത് പ്രവർത്തിച്ചിരുന്നു. അജാനൂർ ഇഖ്ബാൽ ഹൈസ്‌കൂൾ, പടന്ന ഹൈസ്‌കൂൾ എന്നീ സ്ഥാപനങ്ങൾ തുടങ്ങുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കുമ്പള ഖൻസ വനിതാ കോളജിന്റെ സ്ഥാപക ട്രസ്റ്റീ ആയിരുന്നു.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കുറച്ച് നാളായി വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ചിത്താരിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സൗത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാത്രി 10 മണിയോടെ ഖബറടക്കും. മരണവിവരമറിഞ്ഞു സമസ്‌ത മേഖലയിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ള നിരവധി പേരാണ് ചിത്താരിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വെള്ളിയാഴ്ച പള്ളികളിൽ മയ്യിത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്.
ഭാര്യ: ചേരക്കാടത്ത് കുഞ്ഞു ഹലീമ. മക്കൾ: ഹബീബ് ബ്രിറ്റ, ആമിന, ശമീമ, സൈമുജ. മരുമക്കൾ: എ ഹമീദ് ഹാജി, മുഹമ്മദലി ചെറുവത്തൂർ, സാജിദ സെൻ്റർ ചിത്താരി, മുജീബ് തളങ്കര. സഹോദരങ്ങൾ: കൂളിക്കാട് അബ്ദുൽ ഖാദർ, അഹ്‌മദ്, ഇബ്രാഹിം, സൈദ്, കുഞ്ഞാമിന, പരേതരായ അബ്ബാസ്, ആഇശ ഹജ്ജുമ്മ.
അനുശോചന പ്രവാഹം
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഇ ടി മുഹമ്മദ് ബശീർ എം പി, ഷാർജ ഇൻഡ്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, കിയാൽ ഡയറക്ടർ ഖാദർ തെരുവത്ത് തുടങ്ങിയവർ നിര്യാണത്തിൽ അനുശോചിച്ചു
സുന്നി മഹല്ല് ഫെഡറേഷൻ അനുശോചിച്ചു
സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ട്രഷറർ കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജിയുടെ ആകസ്മിക വിയോഗത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ കാസർകോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലയിലെ മത, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു കുഞ്ഞബ്ദുള്ള ഹാജി. ഒരു അപകടത്തെ തുടർന്നുണ്ടായ ശാരീരിക അവശതകൾ പോലും മറന്ന് ആവശ്യമായ സന്ദർഭങ്ങളിലൊക്കെ ജില്ലയിലെ മത-സാംസ്ക്കാരിക രംഗത്ത് കൃത്യമായ ഇടപെടലുകൾ നടത്തുകയും, പൊതുപ്രവർത്തകർക്ക് മാതൃകയാവുകയും ചെയ്ത നല്ല ഒരു വ്യക്തിത്വത്തമാണ് അദ്ദേഹത്തിൻ്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായതെന്നും ഭാരവാഹികൾ പറഞ്ഞു.
എസ്എംഎഫ് ജില്ലാ പ്രസിഡണ്ട് യു എം അബ്ദുറഹ്മാൻ മൗലവി, ജനറൽ സെക്രട്ടറി എം എ എച്ച് മഹ്മൂദ് ചെങ്കള, സംസ്ഥാന സെക്രട്ടറി സി ടി അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് അബ്ബാസ് ഹാജി കല്ലട്ര, സംസ്ഥാന വഖഫ് സമിതി കൺവീനർ എ പി പി കുഞ്ഞഹമ്മദ് ഹാജി തൃക്കരിപ്പൂർ, എ ഹമീദ് ഹാജി കാഞ്ഞങ്ങാട്, ബി എസ് ഇബ്രാഹിം മഞ്ചേശ്വരം, സി എം കാദർ ഹാജി ചെർക്കള, മുബാറക് ഹസൈനാർ ഹാജി, ഹാദി തങ്ങൾ മൊഗ്രാൽ, കെ ബി കുട്ടി ഹാജി കാഞ്ഞങ്ങാട്, ഇ എ കുട്ടി ഹാജി എന്നിവർ അനുശോചിച്ചു.
സമുദായത്തിനുഴിഞ്ഞ് വെച്ച ജീവിതമെന്ന് ബഷീർ വെള്ളിക്കോത്ത്
ഹരിത രാഷ്ട്രീയത്തെയും സമസ്തയെയും ജീവന് തുല്യം സ്നേഹിക്കുകയും അവയ്ക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും തന്റെ മടിശീല മടിയേതുമില്ലാത്ത ദീനിനും സമുദായത്തിനും സംഘടനക്കും സമൂഹത്തിനും വേണ്ടി തുറന്നിടുകയും ചെയ്ത കാഞ്ഞങ്ങാടിന്റെ സുകൃത സൗഭാഗ്യങ്ങളിലൊന്നായിരുന്നു കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജിയെന്ന് മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് അനുസമരിച്ചു.
ബാല്യകാലം തൊട്ടേ ഹരിതരാഷ്ട്രീയത്തിന്റെ പതാകയേറ്റെടുത്ത് കർമ്മ വീഥിയിലിറങ്ങിയ വ്യക്തിത്വമാണദ്ദേഹം.പ്രസിദ്ധമായ കുടുംബത്തിൽ പിറന്ന് അതിന്റെ കുലീനത്വം ഒട്ടും കൈ വിടാതെ സമുദായത്തിന്റെ ജീവൽ പ്രസ്ഥാനത്തിലും അതിന്റെ തന്നെ ഭാഗം പോലെ ചരിത്രത്തിലുടനീളം ഇഴ ചേർന്ന് നിന്നിരുന്ന സമസ്തയിലും സജീവമായ ഹാജി 74 ഇൽ പാർട്ടിയിൽ പിളർപ്പുണ്ടാകും മുമ്പ് തന്നെ താലൂക്ക് മുസ്‌ലിം ലീഗിന്റെ സാരഥ്യ ത്തിലേക്കുയർന്നിരുന്നു.പാർട്ടി പിളർന്നപ്പോൾ അവഭക്ത പാർട്ടിയിലെ ഏറ്റവും കരൂത്തുറ്റ സംഘാടകനായിരുന്ന മർഹൂം സി കെ പി ചെറിയ മമ്മൂക്കേയി സാഹിബിനോടുള്ള ആത്മബന്ധം കൊണ്ടാകാം അദ്ദേഹം അഖിലേന്ത്യാ ലീഗിനൊപ്പമാണ് നില കൊണ്ടത്.
85ൽ ലീഗ് ലയനം സാധ്യമായപ്പോൾ മാതൃ പ്രസ്ഥാനത്തിൽ സജീവമാവുകയുണ്ടായി.ബാബരി മസ്ജിദ് സംഘ് പരിവാരം തകർത്തപ്പോൾ ആ പ്രതിസന്ധി മറികടക്കാൻ അതി വൈകാരിക നിലപാടുമായി കടന്നു വന്ന സേട്ട് സാഹിബിന്റെ ഐ എൻ എലിൽ ആകൃഷ്ടനായെങ്കിലും അതിന്റെ സംസ്ഥാന ഉപാധ്യക്ഷ പദവിയിലിരിക്കെ ആ പദവി വലിച്ചറിഞ് ലീഗിന്റെ വിവേക മാർഗ്ഗത്തിലേക്ക് തിരിച്ചു വന്നു കൂളിക്കാട്. ആ ഘട്ടത്തിൽ സമസ്തയിലുണ്ടായ ഭിന്നത പരിഹരിക്കാൻ മർഹൂം കെ എസ് അബ്ദുല്ല സാഹിബുൾപ്പെടെയുള്ളവരെ മുൻ നിർത്തി നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ ഭിന്നിച്ചുണ്ടായ സംഘടനയുടെ നേതാക്കളുമായുണ്ടായ ബന്ധങ്ങളുപേക്ഷിച്ച് സമസ്തയുടെ മുഖ്യധാരയിൽ സജീവമായി.
വർത്തകപ്രമാണിയായിരുന്ന പിതാവിനെപ്പിന്തുടർന്ന് വ്യാപാര മേഖലയിൽ കൂടി സജീവമായിരുന്ന ഹാജി വ്യാപാരാവശ്യർത്ഥമുള്ള ട്രെയിൻ യാത്രക്കിടയിൽ അപകടത്തിൽ പെട്ട് ഒരു കാൽ നഷ്ടപ്പെട്ടുപോയതിനാൽ പിന്നീട് പതിവ് ശക്തിയോടെ സംഘടനാ രംഗത്ത് സജീവ സാന്നിധ്യമാകാൻ പ്രയാസമാനുഭവപ്പെട്ടെങ്കിലും സമുദായത്തോടും സംഘടനകളോടുമുള്ള ആത്മാർത്ഥത കൊണ്ട് സാധ്യമാം വിധം നേതൃത്വമേറ്റെടുക്കാനും കർമ്മരംഗത്തുറച്ചു നിൽക്കാനും അദ്ദേഹം ഉത്സാഹം കാണിച്ചു.
ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ്, സൗത്ത് ചിത്താരി മഹല്ല് ജമാ അത്ത് പ്രസിഡന്റ്, സംയുക്ത ജമാ അത്ത് പ്രവർത്തകസമിതിയംഗം, എസ് വൈ എസ്, മഹല്ല് ഫെഡറേഷൻ മുതലായവയുടെ ജില്ലാ സംസ്ഥാന സാരഥി, നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന ഉപദേഷ്ടാവ് മുതലായ നിലയിലെല്ലാം ജീവിതാവസാനം വരെ കർമോജ്ജ്വലനായിരുന്നു അദ്ദേഹം. പാർട്ടിയുടെയും സമസ്തയുടെയും ചരിത്രത്തിലുള്ള അഗാധമായ അറിവ് യോഗത്തിലും എന്നെപ്പോലുള്ളവരെ ഫോണിൽ വിളിച്ചും നേരിൽ കാണുമ്പോഴും അദ്ദേഹം പങ്കു വെക്കുമായിരുന്നു. ലീഗും സമസ്തയും തമ്മിലുള്ള ആത്മ ബന്ധത്തിന് ഉലച്ചിലുണ്ടാക്കുന്ന ചില ഇത്തിൾക്കണ്ണികളുടെ നിഗൂഢ നീക്കത്തേക്കുറിച്ച് ഇടയ്ക്കിടെ ഫോണിൽ വിളിച്ചദ്ദേഹം ചർച്ച ചെയ്യുമായിരുന്നു.
അവസാനമദ്ദേഹം എന്നെ വിളിച്ചത് ഖാദർ കമ്മീഷൻ റിപ്പോർട്ട് ചർച്ചയായപ്പോൾ അത് മദ്രസാ പഠനത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്ക പങ്കു വെക്കാനാണ്. രാത്രി പത്തുമണിയോടെയുള്ള ആ ഫോൺ കോളിനിടയിൽ നല്ല സുഖം പോരാ എന്ന് കൂടി അദ്ദേഹം പറഞ്ഞപ്പോ 'ഞാൻ സൗകര്യത്തിന് അങ്ങോട്ട് വരാം നേരിൽ സംസാരിക്കാം' എന്ന് പറഞ്ഞാണ് ഫോൺ കട്ട് ചെയ്തത്. എന്റെ സഹജമായ മറവി കൊണ്ട് ആ വാക്ക് പാലിക്കാൻ എനിക്കായില്ല. ഇത്ര വേഗം അദ്ദേഹം വിട പറയും എന്ന് നാമൊട്ട് നിനച്ചുമില്ലല്ലോ.ചിന്തയിലും വാക്കിലും നോക്കിലും കർമ്മത്തിലും സമുദായ നന്മ കാക്ഷിച്ച ആ കർമ്മയോഗിയുടെ ജീവിതം നമുക്കെല്ലാം ഒരു പാഠമായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#KunhabduullaHaji #obituary #Kerala #businessman #communityleader #SamastaKeralaSunniMahallFederation