Tragedy | ദേശീയ പതാക താഴ്ത്തുന്നതിനിടെ പള്ളി വികാരി വൈദ്യുതാഘാതമേറ്റ് മരിച്ചു; അടുത്ത് നിന്ന മറ്റൊരു വികാരിക്ക് ഗുരുതരം
ഹൈ ടെൻഷൻ കമ്പിയിൽ സ്പർശിക്കുകയായിരുന്നു.
മുള്ളേരിയ: (KasargodVartha) ദേശീയ പതാക താഴ്ത്തി കെട്ടുന്നതിനിടെ പള്ളി വികാരി വൈദ്യുതാഘാതമേറ്റ് മരിച്ചു. മുള്ളേരിയ ഇൻഫന്റ് സെന്റ് ജീസസ് ചർചിലെ വികാരി ഫാ. ഷിൻസ് (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ദേലംപാടി സെന്റ് മേരീസ് ചർചിലെ വികാരി കൂടിയാണ് ഷിൻസ്.
കുർബാന കഴിഞ്ഞ് വൈകിട്ട് ആറുമണിയോടെ മുള്ളേരിയ ചർചിൽ എത്തി ദേശീയ പതാക താഴ്ത്തി കെട്ടുന്നതിനിടെയാണ് ഷോകേറ്റത്. ദേശീയ പതാക കെട്ടിയ ഇരുമ്പ് ദണ്ഡ് ഉയർത്തുന്നതിനിടെ ഹൈ ടെൻഷൻ കമ്പിയിൽ സ്പർശിക്കുകയായിരുന്നു.
വൈദ്യുതാഘാതമേറ്റ് മറ്റൊരു വികാരി തെറിച്ച് വീണു. ചർചിൽ എത്തിയവർ ഉടൻ മുള്ളേരിയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും. കണ്ണൂർ ആലക്കോട് സ്വദേശിയായ ഷിൻസ് എംബിഎ വിദ്യാർത്ഥി കൂടിയാണ്.