നാട് മുഴുവൻ നെഞ്ചേറ്റിയ അത്രയ്ക്കും പ്രിയപ്പെട്ട അധ്യാപകന്റെ മരണം ഉൾക്കൊള്ളാനാവാതെ പട്ള
May 28, 2021, 11:07 IST
പട്ള: (www.kasargodvartha.com 28.05.2021) മുരളീധരൻ മാസ്റ്ററുടെ അപ്രതീക്ഷിത ദാരുണ മരണം ഉൾക്കൊള്ളാൻ പട്ള ഗ്രാമത്തിനായിട്ടില്ല. ചെർക്കള സ്വദേശിയും കുഡ്‌ലു രാംദാസ് നഗറിൽ താമസക്കാരനുമായ മുരളീധരൻ മാസ്റ്ററുടെ ജീവിതം അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നുണ്ട് പട്ളയുമായി.
വ്യാഴാഴ്ച ഉച്ചയോടെയാണ് ദാരുണ മരണം സംഭവിച്ചത്. വീടിനടുത്തുള്ള സ്വന്തം കൃഷിയിടത്തിലേക്കുള്ള പമ്പ് സെറ്റിൽ നിന്നും ഷോകേറ്റ് ആണ് പട്ള ഗവ. സ്‌കൂളിൽ നീണ്ട കാലം അധ്യാപകനായിരുന്ന മുരളീധരൻ മാസ്റ്റർ (57) മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പട്ള സ്‌കൂളിൽ യു പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി ഹിന്ദി അധ്യാപകനായിരുന്നു. അനേകം ശിഷ്യ ഗണങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. അദ്ദേഹത്തിൻറെ സേവനം അവിടെ മാത്രം ഒതുങ്ങി നിന്നില്ല. നാടിന്റെ ഏത് കാര്യത്തിനും നാട്ടുകാർക്കൊപ്പം തോളോട് തോൾ ചേർന്ന് അദ്ദേഹമുണ്ടായിരുന്നു. പൊതു ആവശ്യങ്ങളുമായി അധികാരികളെ കാണുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം നാട്ടുകാർക്ക് ഒരു ഊർജം തന്നെയായിരുന്നു.
അധ്യാപനത്തിൽ നിന്ന് വിരമിച്ചതിന് ശേഷവും തന്റെ പ്രിയപ്പെട്ട വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് വേണ്ടി അദ്ദേഹം സമയം ചെലവഴിച്ചു. എസ്എസ്എൽസി വിദ്യാർഥികൾ അടക്കമുള്ളവർക്ക് സഹായകരമായി അദ്ദേഹം ക്ലാസുകൾ എടുത്തിരുന്നു. നാടിന്റെ സത്‌പേരും ഉന്നത വിജയവും മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.
മരണം കവരുന്നതിന് തൊട്ടു മുമ്പത്തെ മിനിറ്റുകളിലും സേവനനിരതനായിരുന്ന മാഷിന്റെ വിടവാങ്ങൽ പട്ളയ്ക്കുണ്ടാക്കുന്നത് ഒരു ശൂന്യത തന്നെയാണ്.
Keywords: Kasaragod, Patla, News, Death, Teacher, Cherkala, Kudlu, Electricity, Shock, School, Hindi, Teachers, SSLC, Obituary, Patla could not bear the death of his beloved teacher.
< !- START disable copy paste -->