പാനൂർ സിപിഎം പ്രവർത്തകനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് മുൻപ് രാഷ്ട്രീയ ആക്രമണത്തിന് ഇരയായ ജ്യോതി രാജ്
● 2009-ൽ ബിജെപി പ്രവർത്തകർ അദ്ദേഹത്തെ ആക്രമിച്ചിരുന്നു.
● ആക്രമണത്തിൽ ജ്യോതിരാജിന്റെ ഇരു കാലുകൾക്കും വെട്ടേറ്റിരുന്നു.
● ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു.
തലശ്ശേരി: (KasargodVartha) അരനൂറ്റാണ്ടുമുമ്പ് പാനൂർ-തലശ്ശേരി മേഖലയിൽ ആരംഭിച്ച കൊലക്കത്തി രാഷ്ട്രീയത്തിൻ്റെ മറ്റൊരു ഇരയായി സിപിഎം പ്രവർത്തകൻ്റെ മരണം. പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജിനെയാണ് (43) തിങ്കളാഴ്ച രാവിലെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാഷ്ട്രീയ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏറെക്കാലം ചികിത്സയിലായിരുന്ന ജ്യോതിരാജിൻ്റെ മരണം ദുരൂഹതകൾ നിറഞ്ഞതാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. 2009-ൽ ബിജെപി പ്രവർത്തകർ വീട്ടിൽ കയറി അതിക്രൂരമായി ആക്രമിച്ചതിനെ തുടർന്ന് ജ്യോതിരാജിൻ്റെ ഇരു കാലുകൾക്കും വെട്ടേറ്റിരുന്നു.
അന്നുമുതൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഒരു കാലിലെ മുറിവ് ഉണങ്ങാത്തതിനെ തുടർന്ന് ആരോഗ്യനില മോശമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ കഴിയുകയായിരുന്നു. മനോവിഷമം കാരണം ജ്യോതിരാജ് ജീവനൊടുക്കിയെന്നാണ് പോലീസ് പ്രാഥമിക നിഗമനം.
സംഭവത്തിൽ പാനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അരനൂറ്റാണ്ടായി തലശ്ശേരി താലൂക്കിൽ നടന്ന അക്രമ രാഷ്ട്രീയത്തിൽ വിവിധ പാർട്ടികളിൽപ്പെട്ട 330-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: CPM worker Jyothiraj found dead in well in Panur.
#KeralaPolitics #PoliticalViolence #Jyothiraj #Panur #CPM #Kannur






