പ്രമുഖ ദഫ് പരിശീലകന്‍ പള്ളപ്പാടി മുഹമ്മദ് ഹാജി നിര്യാതനായി
Jan 17, 2016, 10:11 IST
മുള്ളേരിയ: (www.kasargodvartha.com 17/01/2016) പ്രമുഖ ദഫ് പരിശീലകനും പള്ളപ്പാടി മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ മുതവല്ലിയുമായിരുന്ന പള്ളപ്പാടി മുഹമ്മദ് ഹാജി (85) നിര്യാതനായി. മുള്ളേരിയ, കാനക്കോട് മേഖലയില്‍ വര്‍ഷങ്ങളോളം ദഫ് പഠിപ്പിച്ച മുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ ദഫ് റാത്തീബും നടന്നു വന്നിരുന്നു. ദഫ് റാത്തീബിന്റെ 55-ാം വാര്‍ഷികം ഫെബ്രുവരിയില്‍ വിപുലമായ രീതിയില്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെ ഹാജിയുടെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി. മുഹമ്മദ് ഹാജിയുടെ ദഫ് മുട്ടിന്റെ താളവും റാത്തീബിലെ ആത്മീയതയും അനുവാചകര്‍ക്ക് കൗതുകം പകര്‍ന്നിരുന്നു. ദഫ്മുട്ട് രംഗത്ത് നാടിലും മറുനാട്ടിലുമായി നൂറ് കണക്കിന് ശിഷ്യന്മാര്‍ മുഹമ്മദ് ഹാജിക്കുണ്ട്.
ദഫ്മുട്ടിനെയും റാത്തീബിനെയും സ്‌നേഹിച്ച മുഹമ്മദ് ഹാജിയുടെ ഒടുവിലത്തെ റാത്തീബിന്റെ മജ്‌ലിസ് നാട്ടുകാരനായ ഒരാളുടെ വീട്ടിലായിരുന്നു. ദഫ് റാത്തീബിനിടയില്‍ തൗബ ചൊല്ലി പൂര്‍ത്തിയാക്കിയപ്പോള്‍ ശാരീരിക ക്ഷീണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മുഹമ്മദ് ഹാജിയെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് ഹാജിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: അബ്ദുര്‍ റഹ്മാന്‍ സഅദി (വൈ.പ്രസിഡണ്ട് എസ് വൈ എസ് മുള്ളേരിയ സോണ്‍), ഹസൈനാര്‍, ഹാഫിള് അബ്ദുല്‍ മജീദ് സഖാഫി (പ്രിന്‍സിപ്പള്‍ റിസര്‍ച്ച് സെന്റര്‍ ദഅ് വാ കോളജ് ഉള്ളാള്‍),അബ്ദുര്‍ റസാഖ്, മുനീര്‍ ഹിമമി (മര്‍ക്കസ് വിദ്യാര്‍ത്ഥി), മറിയുമ്മ, ഖദീജ, ജുവൈരിയ. മരുമക്കള്‍: യൂസുഫ്, അബ്ദുര്‍ റഹ്മാന്‍, ഇസ്മാഈല്‍, റുഖിയ, ഹസീന, സൗദ. സഹോദരങ്ങള്‍: അബ്ദുല്ല, ബീഫാത്വിമ, പരേതരായ ഇബ്‌റാഹിം, മറിയമ്മ
മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍, സയ്യിദ് ഉമ്പു തങ്ങള്‍ ആദൂര്‍, ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, സയ്യിദ് മുത്തു തങ്ങള്‍ ആദൂര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഹാരിസ് സഖാഫി കുണ്ടാര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, മൂസ സഖാഫി, അബ്ദുര്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച തുടങ്ങിയവര്‍ അനുശോചിച്ചു.
Keywords: Mulleria, Kasaragod, Obituary, Pallapady Muhammed Haji passes away