Endosulfan | വിഷമഴയ്ക്ക് ഒരു ഇരകൂടി; ശാസിയ ഉമറിന് കണ്ണീരോടെ വിട; പോസ്റ്റ് മോർട നടപടികൾക്കായി മണിക്കൂറുകളോളം പരക്കം പാച്ചിൽ; മൃതദേഹത്തോട് അധികൃതർ അനാദരവ് കാട്ടിയതായി ആരോപണം; വൈകീട്ട് പ്രതിഷേധ പ്രകടനം
കാഞ്ഞങ്ങാട്: (www.kasargodvartha.com) എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഇരയായി ചൊവ്വാഴ്ച മരിച്ച മാവുങ്കാൽ മൂലക്കണ്ടത്തെ ഉമർ - ജമീല ദമ്പതികളുടെ മകൾ ശാസിയ (24) യ്ക്ക് നാട് കണ്ണീരോടെ വിട നൽകി. ഭൂമിയിൽ 24 വർഷം ജീവിച്ചതറിയാതെ, ജീവിതം എന്തെന്ന് ആസ്വദിക്കാനാവാതെയാണ് ശാസിയ വിടവാങ്ങിയത്. എൻഡോസൾഫാൻ വിതച്ച വേദനയ്ക്ക് ഇരയായി ശാസിയ മരിച്ചപ്പോഴും അധികൃതർ തികഞ്ഞ അനാദരവ് കാട്ടിയെന്ന ആരോപണം ഉയർന്നിരിക്കുകയാണ്.
ചൊവ്വാഴ്ച പുലർചെയാണ് ശാസിയ മരിച്ചത്. ആദ്യം യുവതിയുമായി എത്തിയ സ്വകാര്യ ആശുപത്രി അധികൃതർ മരണകാരണം അറിഞ്ഞിട്ടും പോസ്റ്റുമോർടം വേണമെന്ന് പൊലീസിൽ അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. രാവിലെ മരിച്ച ശാസിയയുടെ മൃതദേഹം പോസ്റ്റ് മോർടത്തിന് വൈകുന്നേരം നാലുമണിയാകുന്നത് വരെ വിട്ടു നൽകിയില്ലെന്നാണ് ആരോപണം.
നാലുമണിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിനായി എത്തിച്ചപ്പോൾ, നഴ്‌സുമാരും മറ്റുള്ളവരും ഡ്യൂടി കഴിഞ്ഞ് പോയെന്നും ഇവിടുന്ന് ഇനി പോസ്റ്റ് മോർടം നടക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി സാമൂഹ്യ പ്രവർത്തകർ കൂട്ടിച്ചേർത്തു. മൃതദേഹവുമായി എത്തിയവർ ബന്ധപ്പെട്ട നഴ്സുമാരെയും മറ്റ് സ്റ്റാഫുകളെയും ഏർപാടാക്കിയെങ്കിലും അന്നേരം ഡോക്ടർ അനാവശ്യമായി കയർക്കുകയും പോസ്റ്റ് മോർടം ചെയ്യാൻ പറ്റില്ലെന്ന് തീർത്ത് പറഞ്ഞുവെന്നും ഇവർ ആരോപിച്ചു.
ഇന്ന് തന്നെ വേണമെന്നുണ്ടെങ്കിൽ കാസർകോട് താലൂക് ആശുപത്രിയിൽ കൊണ്ടുപോയി പോസ്റ്റ് മോർടം ചെയ്യാൻ ആവശ്യമായ പേപറുകൾ നൽകാമെന്ന് ഡോക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കാസർകോട് താലൂക് ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. അതേസമയം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നൽകിയ രേഖകളിൽ ആവശ്യമായ സീലുകളോ ഒപ്പുകളോ നൽകിയില്ലെന്നും ആരോപണമുണ്ട്.
തുടർന്ന്, എൻഎ നെല്ലിക്കുന്ന് എംഎൽഎ അടക്കം ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ രാത്രി എട്ടര മണിയോടെ കാസർകോട് താലൂക് ആശുപത്രിയിൽ പോസ്റ്റ് മോർട നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു. രാത്രി 10.30 മണിയോടെയാണ് ഖബറടക്കിയത്. ശാസിയയുടെ മൃതദേഹത്തോട് ജില്ലാ ആശുപത്രി അധികൃതർ അനാദരവും പ്രതികാരം കാട്ടിയെന്ന് ആരോപിച്ച് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കാഞ്ഞങ്ങാട് ടൗണിൽ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Keywords: Kasaragod, news, Kerala, Top-Headlines, Endosulfan, Endosulfan-victim, Death, Obituary, One more endosulfan victim died.