city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Memories | പി എച്ച് അബ്ദുൽ ഖാദർ ഹാജിയും സി എച്ച് മുഹമ്മദ്‌ കുഞ്ഞി ഹാജിയും; നാടിന് നഷ്ടമായത് 2 മഹാരഥൻമാരെ

PH Abdul Khader Haji and CH Muhammad Kunhi Haji remembered for their leadership
Photo: Arranged

● രാഷ്ട്രീയ, സാമൂഹിക, മത രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഇരുവരും.
● കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാ അത്തിന്റെ മുൻ ഭാരവാഹികളായിരുന്നു
● ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു 

ബഷീർ വെള്ളിക്കോത്ത് 

(KasargodVartha) കാഞ്ഞങ്ങാട് പ്രദേശത്തിന് അടുത്ത ദിവസങ്ങളിൽ രണ്ട് മഹാരഥൻമാരെയാണ് നഷ്ടമായത്. രാഷ്ട്രീയ, സാമൂഹിക, മത രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പി എച്ച് അബ്ദുൽ ഖാദർ ഹാജി, സി എച്ച് മുഹമ്മദ്‌ കുഞ്ഞി ഹാജി എന്നീ രണ്ട് വ്യക്തിത്വങ്ങളുടെ വേർപാട് തീരാനഷ്ടമാണ് വരുത്തിയിരിക്കുന്നത്. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാ അത്ത് മുൻ വൈസ് പ്രസിഡന്റും പാറപ്പള്ളി മുസ്‌ലിം ജമാ അത്ത് പ്രസിഡന്റും അറിയപ്പെടുന്ന ദീനീ സേവകനുമായിരുന്നു പി എച് അബ്ദുൽ ഖാദർ ഹാജി. 

പതിറ്റാണ്ടുകളായി വിവിധ ഘട്ടങ്ങളിൽ പാറപ്പള്ളി മുസ്‌ലിം ജമാഅതിന്റെയും സംയുക്ത ജമാഅതിന്റെയും സാരഥ്യത്തിൽ അദ്ദേഹം സ്തുത്യർഹമാം വിധം സേവനമനുഷ്ടിച്ചിട്ടുണ്ട്. ആദ്യകാലത്ത് സമസ്തയുടെയും 89 ലെ പ്രശ്നങ്ങൾക്ക് ശേഷം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന വിഭാഗത്തിന്റെയും കർമോൽസുകനായ പ്രവർത്തകനായിരുന്നു അദ്ദേഹം. സുന്നത്ത് ജമാ അത്തിന്റെ എല്ലാ വിഭാഗം പണ്ഡിതന്മാരെയും ഒരേ പോലെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അദ്ദേഹത്തിന്. 

PH Abdul Khader Haji and CH Muhammad Kunhi Haji remembered for their leadership

വ്യത്യസ്തങ്ങളായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഒന്നിലും അവിഭാജ്യ ഘടകമായി നിലകൊള്ളുമാറ് അദ്ദേഹം അവയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പൊതു രംഗത്തിറങ്ങിയ കാലം മുതൽക്കേ അദ്ദേഹത്തോട് ബന്ധമുണ്ടായിരുന്നെങ്കിലും ആ ബന്ധം ഊഷ്മളമായത് 95 കാലത്ത് ഞാൻ സംയുക്ത ജമാഅത് ഭാരവാഹിത്വമേറ്റെടുത്ത ശേഷമാണ്. അക്കാലം മുതൽ തന്നെ പാറപ്പള്ളി ജമാഅത്തിന്റെ ഭാരവാഹിത്വത്തിലോ അല്ലെങ്കിൽ മറുപക്ഷത്തോ അദ്ദേഹമുണ്ടാകും. ഉയർന്നു വരുന്ന പ്രശ്നങ്ങളിലും അവരുടെ ജനറൽ ബോഡിയിൽ സംയുക്ത ജമാഅത്ത് പ്രതിനിധിയായും ഇടപെടേണ്ടി വന്നിട്ടുണ്ടെനിക്ക്. 

എന്നാൽ സംയുക്ത ജമാഅത്ത് അദ്ദേഹം ഒരു പക്ഷത്തുള്ള വിഷയങ്ങളിൽ എടുക്കുന്ന ഏത് തീരുമാനവും ശിരസാ വഹിക്കുകയല്ലാതെ ഒരിക്കലും തള്ളിക്കളയുകയോ അവയോട് നിസ്സഹകരണ മനോഭാവം വെച്ച് പുലർത്തുകയോ ചെയ്തിരുന്നില്ല. സംയുക്ത ഭാരവാഹിയായി ഒന്നിച്ചു പ്രവർത്തിക്കാനവസരം ലഭിച്ചപ്പോഴെല്ലാം നന്നായി സഹകരിക്കുന്ന സഹഭാരവാഹിയായിരുന്നു അദ്ദേഹം. മർകസ്, സഅദിയ്യ മുതലായ മതസ്ഥാപനങ്ങളുടെ നടത്തിപ്പിലും അദ്ദേഹം കൈമെയ് മറന്ന് പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയമായും സമസ്തയിലും ഞങ്ങൾ ഭിന്നധ്രുവങ്ങളിലായിരുന്നെങ്കിലും എന്റെ നല്ല ഗുണ കാംക്ഷിയായിരുന്നു അദ്ദേഹം. 

അകലെ നിന്നപ്പോൾ ഉണ്ടായിരുന്ന ധാരണകളെല്ലാം അടുത്തു പ്രവർത്തിച്ചപ്പോൾ മാറിയെന്നും ഇപ്പോൾ ബഷീറിനെ വിമർശിക്കുന്നവരോട് അദ്ദേഹത്തോടടുത്തു നോക്കൂ അപ്പോൾ നിങ്ങളുടെ ധാരണകൾ മാറുമെന്ന് ഞാൻ പറയാറുണ്ടെന്നും ഒരിക്കലെന്നോട് അദ്ദേഹം പറഞ്ഞത് ഞാനോർക്കുകയാണ്. പതിറ്റാണ്ടുകൾ പാറപ്പള്ളി മഖാം ഉറൂസിന്റെ ഉത്ഘാടന സമാപന സമ്മേളനങ്ങളിലൊ സാംസ്കാരിക സമ്മേളനത്തിലോ ആയി ഞാൻ പ്രസംഗിക്കാറുണ്ട്. പാറപ്പള്ളി ജമാഅത്തിന് കീഴിലെ മൂന്നാം മൈൽ, അമ്പലത്തറ. കണ്ണൊത്ത്, മീങ്ങോത്ത്, കല്യോട്ട്, മുട്ടിച്ചരൽ തുടങ്ങിയ നിസ്കാരപ്പള്ളികളുടെ ഉത്ഘാടനം, അവിടങ്ങളിലെ മറ്റു പരിപാടികളിലും പ്രഭാഷകനായിട്ടുണ്ട്. 

അപ്പോഴെല്ലാം ഭാരവാഹിത്വത്തിലായാലും പ്രതിപക്ഷത്തായാലും ആ പരിപാടികളിലെ നല്ല പങ്കാളിയായി അദ്ദേഹമുണ്ടാകും. എന്റെ നല്ല ശ്രോതാവായി അദ്ദേഹമിരിക്കുകയും പ്രസംഗത്തിൽ മതിപ്പ് രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇക്കഴിഞ്ഞ പാറപ്പള്ളി ജമാഅത് ജനറൽ ബോഡിയും നടന്നത് സംയുക്ത ജമാഅത് ജനറൽ സെക്രെട്ടറി എന്ന നിലക്ക് ഈയുള്ളവന്റെ നിയന്ത്രണത്തിലാണ്. പി എച് പ്രസിഡന്റും എ മുഹമ്മദ്‌ കുഞ്ഞി ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ ബോഡി. തെരഞ്ഞെടുക്കപ്പെട്ട ശേഷം അല്ലാഹുവിന്റെ വിധിയാൽ ഇരുവരും രോഗഗ്രസ്തരായി. എ മുഹമ്മദ്‌ കുഞ്ഞി ഏതാനും മാസം മുമ്പ് വിട ചൊല്ലി. ഇപ്പോഴിതാ ഖാദർ ഹാജിയും. 

ഇരുവരും രോഗികളായ ഘട്ടത്തിൽ അവിടെയുയർന്നു വന്ന ചില പ്രശ്നങ്ങളിൽ അവരുടെ സാന്നിധ്യത്തിലും അഭാവത്തിലും ഇടപെടേണ്ടി വന്നു. അവരിരുവർക്കും നിർബന്ധമായിരുന്നു ഞാൻ തന്നെ ഇടപെടണമെന്ന കാര്യത്തിൽ. അല്ലാഹുവിന്റെ അനുഗ്രഹത്താൽ നല്ല നിലയിൽ പരിഹരിച്ചുകൊണ്ട് അവരുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിഞ്ഞതിൽ എനിക്ക് ചരിതാർഥ്യമുണ്ട്. ജനറൽ സെക്രെട്ടറിയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ അനുസ്മരണയോഗത്തിൽ പ്രഭാഷകനായും അദ്ദേഹത്തിന്റെ ഒഴിവ് നികത്താനുള്ള ജനറൽ ബോഡിയിൽ റിട്ടേണിംഗ് ഓഫീസറായും ഖാദർ ഹാജിയുടെ ആഗ്രഹ പ്രകാരം നിയോഗിക്കപ്പെടാനും എനിക്കവസരമുണ്ടായി. രണ്ടു പേരും അവരുടെ രോഗാവസ്ഥയിലും ഏല്പിക്കപ്പെട്ട ഉത്തരവാദിത്തം നിർവഹിക്കാൻ ദൈവഭായത്തോടെ ഉത്സുകരായിരുന്നു എന്നത് അവരെക്കുറിച്ചുള്ള മതിപ്പ് എന്നിൽ വർധിപ്പിക്കുകയായിരുന്നു. 

മുസ്‌ലിം ലീഗ് നേതാവും സംയുക്ത ജമാഅതിന്റെയും പടന്നക്കാട് ജമാഅതിന്റെയും സാരഥിയുമായിരുന്ന സി എച്ച് മുഹമ്മദ്‌ കുഞ്ഞി പ്രൗഢിയാർന്ന വ്യക്തിത്വവും കുലീനമായ പെരുമാറ്റവും ഗൗരവമാർന്ന സമീപനവും കൊണ്ട് ശ്രദ്ധേയനായിരുന്ന വ്യക്തിത്വമാണ്. പടന്നക്കാടിന്റെയും നീലേശ്വരത്തിന്റെയും മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ മേഖലയിൽ ചടുലമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച നന്മയർന്ന നേതാവാണദ്ദേഹം. 

പടന്നക്കാട് ജമാഅത് പ്രസിഡന്റ്, സംയുക്ത ജമാഅത് വൈസ് പ്രസിഡന്റ്, പടന്നക്കാട് ശാഖ ലീഗ് പ്രസിഡന്റ്, മുനിസിപ്പൽ ലീഗ് ട്രഷറർ, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ്, ജില്ലാ ലീഗ് പ്രവർത്തക സമിതിയംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം നിറഞ്ഞു നിന്നിട്ടുണ്ട്. മസ്ജിദ് നിർമ്മാണമുൾപ്പെടെയുള്ള കാര്യങ്ങൾ ഉദാരതയോടെ നിർവഹിച്ച സി എച്ച് ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. 

സംയുക്ത ജമാഅത്തിലും മണ്ഡലം ലീഗിലും എന്റെ സഹ ഭാരവാഹിയായി പ്രവർത്തിച്ച കാലത്ത് നന്നായി സഹകരിച്ചിരുന്ന ഒരു സഹപ്രവർത്തകനായിരുന്നു സി എച്ച്. പല കാര്യങ്ങൾക്കായി ഇടയ്ക്കിടെ വിളിക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്യുമായിരുന്നു. പൊതു ആവശ്യങ്ങൾക്ക് വല്ല ഫണ്ടിങ്ങും നടത്തേണ്ടി വരുമ്പോൾ നമ്മെ മുഷിപ്പിക്കാതെ തന്നാലാവുന്ന സഹായം ചെയ്തിരുന്ന ഉദാരമതിയുമായിരുന്നു. ഇരുവരുടെയും വിയോഗം കാഞ്ഞങ്ങാടിന് തീരാനഷ്ടമാണ്. അവരുടെ ഓർമ്മകൾ എന്നും നമ്മോടൊപ്പം ഉണ്ടാകും

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The loss of two significant figures, PH Abdul Khader Haji and CH Muhammad Kunhi Haji, who made immense contributions in social, religious, and political spheres, has left the community saddened.

#PHAbdulKhaderHaji #CHMuhammadKunhiHaji #Kasaragod #Obituary #MuslimLeaders #SocialContributions

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia