തൈക്കടപ്പുറത്ത് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; കരയ്ക്കെത്തിച്ചത് മത്സ്യത്തൊഴിലാളികൾ
● ശനിയാഴ്ച വൈകിട്ടാണ് അജ്മലിനെ കടലിൽ കുളിക്കുന്നതിനിടെ കാണാതായത്
● 1 ചൊവ്വാഴ്ച രാവിലെ 6.15-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്
● 'ഗ്രാന്മ' ഫൈബർ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തി കരയ്ക്കെത്തിച്ചത്
● കോസ്റ്റ് ഗാർഡിന്റെ സഹായം ലഭിച്ചില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്
● മൃതദേഹം കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ആംബുലൻസിനായി ഒരു മണിക്കൂറിലധികം കാത്തുനിൽക്കേണ്ടി വന്നു
നീലേശ്വരം: (KasargodVartha) തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോർ കവല എ വി ഹൗസിലെ എ വി അജ്‌മലിൻ്റെ (21) മൃതദേഹമാണ് മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പോയ 'ഗ്രാന്മ' ഫൈബർ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് ചൊവ്വാഴ്ച (സെപ്റ്റംബർ 1) രാവിലെ 6.15-ഓടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നിർദേശപ്രകാരം തൊഴിലാളികൾ തന്നെ മൃതദേഹം കരക്കെത്തിച്ചു. തൈക്കടപ്പുറം സി റോഡ് കടപ്പുറത്ത് താമസിക്കുന്ന കാലിച്ചാനടുക്കം ഹനീഫിന്റെയും റഹ്‌മത്തിൻ്റെയും മകനാണ് മരിച്ച അജ്മൽ.
രക്ഷാപ്രവർത്തനവും പരാതികളും
ശനിയാഴ്ച (ഓഗസ്റ്റ് 29) വൈകിട്ട് കടലിൽ കുളിക്കുന്നതിനിടെയാണ് അജ്മൽ ഒഴുക്കിൽപെട്ടത്. ഫിഷറീസിൻ്റെയും തീരദേശ പൊലീസിൻ്റെയും രക്ഷാബോട്ടുകൾ അന്നുതന്നെ തിരച്ചിലിനിറങ്ങിയിരുന്നുവെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടും മൃതദേഹം കണ്ടെത്താനായിരുന്നില്ല.
ഇതിനിടെ കോസ്റ്റ് ഗാർഡിൻ്റെ സഹായം തേടിയിരുന്നെങ്കിലും അത് ലഭിച്ചില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ഇതിനുപുറമെ മൃതദേഹം കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ആംബുലൻസിനായി ഒരു മണിക്കൂറിലധികം കാത്തുനിൽക്കേണ്ടി വന്നതായും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
കരയ്ക്കെത്തിച്ചത് 8 തൊഴിലാളികൾ
മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി സ്വാമിക്കുട്ടി, വിജേഷ്, സനേഷ്, സിദ്ദിഖ്, ഉത്തമൻ, ഫാറൂഖ്, ബാലകൃഷ്‌ണൻ, സതീശൻ തുടങ്ങി എട്ട് തൊഴിലാളികൾ ചേർന്നാണ് കടലിൽ നിന്നും മൃതദേഹം കണ്ടെത്തി കരയിലെത്തിച്ചത്.
പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: The body of 21-year-old A.V. Ajmal, who went missing while bathing in the sea at Thaikadappuram, was recovered by fishermen on Tuesday, September 1, 2026, after a three-day search operation.
#KasargodVartha #Nileshwaram #Thaikadappuram #CoastalPolice #KeralaNews #MalayalamNews #KasargodNews #LocalNews #AparnaNews






