Tragedy | നീലേശ്വരം വെടിപ്പുര അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ 6 ആയി
● 37 പേരാണ് ഇപ്പോഴും ചികിത്സയിൽ തുടരുന്നത്
● ഇതിൽ അഞ്ച് പേർ ഐസിയുവിലുമാണ്
● പരുക്കേറ്റവരുടെ ചികിത്സ സർകാർ വഹിക്കും
നീലേശ്വരം: (KasargodVartha) തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ നടന്ന കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി വ്യാഴാഴ്ച വൈകീട്ടോടെ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. നീലേശ്വരം തേർവയലിലെ പി സി പത്മനാഭൻ (50) ആണ് മരിച്ചത്.
കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. 37 പേരാണ് ഇപ്പോഴും ചികിത്സയിൽ തുടരുന്നത്. ഇതിൽ 32 പേർ വാർഡിലും അഞ്ച് പേർ ഐസിയുവിലുമാണ്. 154 പേരാണ് അപകടത്തിൽ ചികിത്സ തേടിയത്.
നിലവിൽ കണ്ണൂർ പരിയാരം മെഡികൽ കോളജിൽ രണ്ടു പേർ ചികിത്സയിലുണ്ട്. കണ്ണൂർ ആസ്റ്റർ മിംസിൽ ആറു പേർ ചികിത്സയിലുണ്ട്, അതിൽ അഞ്ചു പേർ വാർഡിലും ഒരാൾ ഐ സി യുവിലുമാണ്. കോഴിക്കോട് ആസ്റ്റർ മിംസിൽ മൂന്നു പേർ ചികിത്സയിലുണ്ട്. മംഗ്ളൂരു എ ജെ മെഡികൽ കോളജിൽ 24 പേർ ചികിത്സയിലുണ്ട്, അതിൽ അഞ്ചു പേർ ഐ സി യുവിലും 19 പേർ വാർഡിലുമാണ്.
കണ്ണൂർ ബേബി മെമോറിയൽ ആശുപത്രിയിൽ രണ്ടു പേരും ഫാദർ മുള്ളേഴ്സ് മെഡികൽ കോളജിൽ ഒരാളുമാണ് ചികിത്സയിൽ കഴിയുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. മരിച്ചവർക്ക് നാല് ലക്ഷം രൂപ വീതം സംസ്ഥാന സർകാർ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ ചികിത്സ തുക വഹിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും ഇതിന്റെ ഉത്തരവിറങ്ങുകയും ചെയ്തിട്ടുണ്ട്.
#NileshwaramAccident #KeralaTragedy #TempleFire #SafetyFirst