'മുഖത്ത് പാടുകൾ, സ്കൂളിലെ ശിക്ഷാനടപടി'; പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന 15-കാരൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ്; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് പരാതി
● നവംബർ 1-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തൈക്കടപ്പുറം അഴീത്തലയിൽ നീരജ് സന്തോഷിനെ ടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്
● പിതാവ് പി പി സന്തോഷും കൗൺസിലർ പ്രകാശനും ചേർന്നാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽകുമാറിന് പരാതി നൽകിയത്
● ചെറുവത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർഥിയായ കുട്ടിക്ക് സ്കൂളിൽ നിന്ന് മാനസിക സമ്മർദം നേരിട്ടതായി ആരോപണം
നീലേശ്വരം: (KasargodVartha) തൈക്കടപ്പുറം അഴീത്തലയിലെ 15-കാരനായ സ്‌കൂൾ വിദ്യാർഥി നീരജ് സന്തോഷിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽകുമാറിന് പരാതി നൽകി. മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം നടത്തണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പിതാവ് പി പി സന്തോഷ്, വാർഡ് കൗൺസിലർ പ്രകാശൻ, പ്രദേശവാസികൾ എന്നിവർ ചേർന്ന് പരാതി നൽകിയത്.
സ്കൂളിലെ ശിക്ഷാനടപടിയും മാറ്റങ്ങളും
തൈക്കടപ്പുറം അഴീത്തലയിലെ പണ്ടാരപ്പറമ്പിൽ സന്തോഷ്–നിഷ ദമ്പതികളുടെ മകൻ നീരജ് സന്തോഷിനെ നവംബർ 1-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ചെറുവത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.
മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ വലിയ മാറ്റം ഉണ്ടായിരുന്നതായി കുടുംബം പരാതിയിൽ പറയുന്നു. സ്കൂളിൽനിന്ന് വീട്ടിലെത്തിയ ശേഷം കുടുംബാംഗങ്ങളോട് സംസാരിക്കാതിരിക്കുകയും പഠനകാര്യങ്ങളിൽ താൽപര്യം കാണിക്കാതിരിക്കുകയും ചെയ്തിരുന്നു. മറ്റൊരു പെൺകുട്ടിയുമായി കുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായി അറിഞ്ഞതായും, ഇതുമായി ബന്ധപ്പെട്ട് സ്കൂളിൽനിന്ന് മാനസിക സമ്മർദം നേരിട്ടിരുന്നതായും കുടുംബം ആരോപിക്കുന്നു. ഇതിൻ്റെ ഭാഗമായി സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ശിക്ഷാനടപടിയെന്ന നിലയിൽ കുട്ടിയെ രാവിലെ മുതൽ വൈകുന്നേരം വരെ സ്റ്റാഫ് റൂമിൽ നിർത്തിയിരുന്നതായും പരാതിയിലുണ്ട്.
ഓട്ടോ റിക്ഷ യാത്രയിലെ ദുരൂഹതകൾ
മരണദിവസം ഉച്ചയോടെ വീടിന് മുൻപിൽനിന്ന് കുട്ടി ഒരു ഓട്ടോറിക്ഷയിൽ കയറി എങ്ങോട്ടോ പോയിരുന്നതായും കുറച്ചുസമയത്തിന് ശേഷം തിരികെ വന്നപ്പോൾ മുഖത്ത് അടിയേറ്റതുപോലുള്ള പാടുകൾ കണ്ടിരുന്നതായും കുടുംബം പറയുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിനാൽ ഓട്ടോറിക്ഷയിൽ കുട്ടി എവിടേക്കാണ് പോയത്, ആരെയാണ് കണ്ടത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നും ഡ്രൈവറെ കണ്ടെത്തി മൊഴിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി കുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോൺ ലോക്ക് ചെയ്ത നിലയിലാണെന്നാണ് കുടുംബം പറയുന്നത്.
മരണത്തിന് മുൻപ് കുട്ടിക്ക് ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഭീഷണിയോ സമ്മർദമോ ഉണ്ടായിരുന്നോയെന്ന് കണ്ടെത്താൻ ഫോണിലെ വിവരങ്ങൾ പരിശോധിക്കുന്നതിനായി സൈബർ വിഭാഗത്തിൻ്റെ സഹായം പോലീസ് തേടിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഫോൺ പരിശോധന, സാക്ഷിമൊഴികൾ എന്നിവ ഉൾപ്പെടെയുള്ള അന്വേഷണത്തിലൂടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങളിൽ വ്യക്തത വരുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പരുകൾ: 1056, 14416)
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Family alleges mystery in 15-year-old student's death at Nileshwaram.
#KasargodVartha #KasaragodNews #Nileshwaram #CrimeNewsKerala #StudentDeath #KeralaPolice #Kanhangad #MalayalamNews #RenuNews







