Died | മുംബൈയില്‍ ക്രൂരമായ ആക്രമണത്തിന് ഇരയായ കാസര്‍കോട് സ്വദേശി മരിച്ചു; ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു
Dec 24, 2022, 12:53 IST
മുംബൈ: (www.kasargodvartha.com) ക്രൂരമായ ആക്രമണത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. ആരിക്കാടി കുന്നില്‍ ഖിളരിയ നഗറില്‍ ഖിളര്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന നാട്ടക്കല്‍ അബ്ദുര്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് ഹനീഫ് (48) ആണ് മരിച്ചത്. കഴിഞ്ഞ 13 വര്‍ഷമായി മലബാര്‍ റെസിഡന്‍സി എന്ന ഗസ്റ്റ് ഹൗസ് നടത്തി വരികയായിരുന്നു.
ഹോടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഡിസംബര്‍ ആറിന് ഗുണ്ടാ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. മൂന്നാഴ്ചയോളം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹനീഫ് രണ്ട് ദിവസം മുമ്പ് ആശുപത്രി വിട്ടിരുന്നു. എന്നാല്‍, ശനിയാഴ്ച രാവിലെ ഡോങ്ക്രിയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് മാറ്റി.
25 ലക്ഷം രൂപ ഡെപോസിറ്റ് നല്‍കിയാണ് ഹനീഫ് ഗസ്റ്റ് ഹൗസിനായി കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് പറയുന്നത്. വന്‍ തുക ചിലവില്‍ ഗസ്റ്റ് ഹൗസ് ഒരുക്കുകയും ചെയ്തു. എന്നാല്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം കെട്ടിട ഉടമ കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ടതായും എന്നാല്‍ ഡെപോസിറ്റ് അടക്കം നല്‍കാന്‍ തയ്യറായില്ലെന്നുമാണ് വിവരം. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് കെട്ടിട ഉടമ അയച്ച ഗുണ്ടകള്‍ ആക്രമിക്കുന്നതിലേക്ക് നീങ്ങിയതെന്നാണ് പരാതി. പൊലീസില്‍ പരാതിപ്പെട്ടിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Mumbai, Obituary, Died, Native of Kasaragod died in Mumbai.
< !- START disable copy paste -->