Obituary | മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് എം ബി യൂസുഫ് വിടവാങ്ങി; നഷ്ടമായത് അത്യുത്തര കേരളത്തിലെ ഊർജസ്വലനായ നേതാവിനെ
● പാർട്ടി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി
● മഞ്ചേശ്വരം മണ്ഡലത്തിലെ പ്രമുഖ നേതാവായിരുന്നു
● ദീർഘകാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു.
കാസർകോട്: (KasargodVartha) മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡൻറും പൗരപ്രമുഖനുമായ ബന്തിയോട് ഫസീദ മൻസിലിലെ എം ബി യൂസുഫ് (64) നിര്യാതനായി. മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്‌ലിം ലീഗിൻറെ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ നേതാവായിരുന്നു അദ്ദേഹം. ദീർഘകാലം മുസ്‌ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രസിഡൻറായും യുഡിഎഫ് പഞ്ചായത്ത് ലെയിസൺ കമ്മിറ്റി ചെയർമാനായും യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. ബന്തിയോട് ബദ്രിയ ജുമാ മസ്ജിദ് കമ്മിറ്റി മെമ്പറുമായിരുന്നു.
അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മംഗ്ളൂറിലെ ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. ഖദീജയാണ് ഭാര്യ. മക്കൾ എം ബി ഉമർ ഫാറൂഖ്, എം ബി ഫൈസൽ, എം ബി ഫർഹാൻ, ഫസീദ, ഫാരിസ. മരുമക്കൾ: ഇസ്മാഈൽ ചട്ടംഞ്ചാൽ, അജ്മൽ തളങ്കര (യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ പ്രസിഡൻറ്), ആഇശ, ഷിബില. സഹോദരങ്ങൾ സഫ മൂസ ഹാജി, ഫാത്തിമ, മറിയമ്മ, പരേതരായ ആയിശാബി, എം.ബി മുഹമ്മദ്, എം ബി ഷേക്കാലി, എം ബി അബ്ദുല്ല.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ വീട്ടിലെത്തി. ഖബറടക്കം ബന്തിയോട് ബദ്രിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നഷ്ടമായത് ഊർജസ്വലനായ നേതാവിനെയെന്ന് കല്ലട്ര മാഹിൻ ഹാജി
മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡന്റും മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്‌ലിം ലീഗിന്റെ മുൻനിര നേതാക്കളിൽ പ്രധാനിയുമായിരുന്ന എം ബി യൂസുഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമായത് മഞ്ചേശ്വരം മണ്ഡലത്തിലെ ഊർജസ്വലനായ നേതാവിനെയാണെന്ന് മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
തിരഞ്ഞെടുപ്പ് വേളകളിൽ വിശ്രമമില്ലാത്ത ഓട്ടമായിരുന്നു എം ബി യൂസുഫിൻ്റെ ശൈലി. പാർട്ടി പരിപാടികളിലും സമ്മേളനങ്ങളിലുമൊക്കെ പ്രത്യേക ഊർജത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിസ്മരിക്കാനാവാത്തതാണ്. എം ബി യൂസുഫിന്റെ വിയോഗം മുസ്‌ലിം ലീഗ് പാർട്ടിക്കും യുഡിഎഫിനും നികത്താനാവാത്ത നഷ്ടങ്ങളിലൊന്നാണെന്നും പാർട്ടി പ്രവർത്തകരുടെയും കുടുംബത്തിന്റെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും കല്ലട്ര മാഹിൻ ഹാജി കൂട്ടിച്ചേർത്തു.
#MuslimLeague #Kasaragod #Kerala #politics #obituary #RIP #MBYusuf #Manjeshwaram