Obituary | മുസ്ലീം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുല്ല അന്തരിച്ചു
Feb 1, 2023, 15:00 IST
കാസർകോട്: (www.kasargodvartha.com) മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുല്ല (64) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. മരിക്കുമ്പോൾ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് നിരവധി സംസ്ഥാന മുസ്ലീം ലീഗ് നേതാക്കൾ ആശുപത്രിയിൽ എത്തി കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
കാസർകോട് നഗരസഭ ചെയർമാനായിരുന്ന ടിഇ അബ്ദുല്ല മുൻ എംഎൽഎ ടിഎ ഇബ്രാഹിം - സൈനബ് ദമ്പതികളുടെ മകനാണ്. 1959 മാര്‍ച് 18ന് തളങ്കര കടവത്താണ് ജനനം. എംഎസ്എഫിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ യൂനിറ്റ് എംഎസ്എഫ് പ്രസിഡണ്ടായിരുന്നു. 1978ല്‍ തളങ്കര വാര്‍ഡ് മുസ്ലിം ലീഗ് സെക്രടറിയായി. അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം, കാസര്‍കോട് മുനിസിപല്‍ യൂത് ലീഗ് വൈസ് പ്രസിഡണ്ട്, കാസര്‍കോട് മണ്ഡലം യൂത് ലീഗ് ജെനറല്‍ സെക്രടറി, പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, കാസര്‍കോട് വികസന അതോറിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
2008 മുതല്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗമാണ്. ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പദവിയിലെത്തിയത്. 1988 മുതല്‍ കാസര്‍കോട് നഗരസഭ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2000ല്‍ തളങ്കര കുന്നില്‍ നിന്നും 2005 ല്‍ തളങ്കര പടിഞ്ഞാറില്‍ നിന്നും എതിരില്ലാതെയായിരുന്നു വിജയം. 27 വര്‍ഷം കാസര്‍കോട് നഗരസഭയെ പ്രതിനിധീകരിച്ചു. മൂന്ന് തവണ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ പദവി അലങ്കരിച്ചു. അദ്ദേഹം ചെയര്‍മാനായ 2000-2005 കാലത്ത് കേരളത്തിലെ മികച്ച നഗരസഭയായി കാസര്‍കോടിനെ തെരഞ്ഞെടുത്തിരുന്നു.
കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത് ജെനറല്‍ സെക്രടറി, മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി കമിറ്റി വൈസ് പ്രസിഡണ്ട്, ദഖീറതുല്‍ ഉഖ്റാ സംഘം പ്രസിഡണ്ട്, ടി ഉബൈദ് ഫൗൻഡേഷന്‍ ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ച് വരവെയാണ് വിടവാങ്ങിയത്. പഴയകാല ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായിരുന്ന അദ്ദേഹം കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ നഗരസഭാ ചെയര്‍മാന്‍മാരുടെ കൂട്ടായ്മയായ ചെയര്‍മാന്‍സ് ചേമ്പേഴ്സിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചിരുന്നു.
Keywords: Latest-News, Top-Headlines, Kasaragod, Muslim-league, Obituary, Died, Muslim League Kasaragod district president TE Abdulla passed away.