ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് നിര്യാതനായി
ആലപ്പുഴ: (www.kasargodvartha.com 21.10.2020) ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് (74) നിര്യാതനായി. വൃക്ക, കരള്‍ രോഗങ്ങളെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റായി സമുദായ രംഗത്തും സജീവമായി. ഏറെക്കാലം കൗണ്‍സിലിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് എല്‍എല്‍ബിയും കോഴിക്കോട് ഗവ. ലോ കോളജില്‍നിന്ന് എല്‍എല്‍എമ്മും ജയിച്ചു. കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കോഴിക്കോട് കോടതിയിലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. തുടര്‍ന്ന് മാവേലിക്കര കോടതിയിലും ആലപ്പുഴ ജില്ലാ കോടതിയിലും അദ്ദേഹം അഭിഭാഷകനായി.
സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം, ആലപ്പുഴ ജില്ലാ ഗവ. പ്ലീഡര്‍ എന്നീ പദവികളും വഹിച്ചു. കായംകുളം കൊറ്റുകുളങ്ങര വലിയ ചെങ്കിലാത്ത് പരേതരായ ഹസനാരുകുഞ്ഞിന്റെയും സൈനബ ഉമ്മയുടെയും മകനാണ്. ഭാര്യ: മെഹറുന്നിസ (യൂക്കോ ബാങ്ക് മുന്‍ മാനേജര്‍). മക്കള്‍: അഡ്വ. വി പി ഉനൈസ് കുഞ്ഞ് (ആലപ്പുഴ ജില്ലാ കോടതി), അഡ്വ. വി പി ഉവൈസ് കുഞ്ഞ് (ബഹറൈന്‍). മരുമക്കള്‍: ഡോ. നിഷ ഉനൈസ്, വാഹിദ ഉവൈസ് (ബഹറൈന്‍).
Keywords: Alappuzha, News, Kerala, Top-Headlines, Death, Obituary, A Pookunju, Muslim Jamath Council state president