Obituary | മുഹമ്മദ് ശാഫി പട്ല: കാസർകോട് വാർത്തയുടെ സഹകാരി; ഓർമകളിൽ നിറയുന്ന സ്നേഹസാന്നിധ്യം

● എല്ലാ കാര്യങ്ങളിലും താങ്ങും തണലുമായി അദ്ദേഹം കൂടെനിന്നു.
● പട്ല സ്കൂളിൻ്റെ വികസനത്തിനായി ഏറെ പ്രയത്നിച്ചു.
● സൗഹൃദത്തിനും സഹകരണത്തിനും ഏറെ പ്രാധാന്യം നൽകിയിരുന്നു.
● നാടിൻ്റെ നന്മക്കായി ഒരു വായനശാല സ്ഥാപിച്ചു.
കാസർകോട്: (KasargodVartha) കാസർകോട് വാർത്തയുടെ സഹകാരിയും പട്ലയിലെ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു വിടവാങ്ങിയ മുഹമ്മദ് ശാഫി പട്ല. അദ്ദേഹത്തിന്റെ വിയോഗം പട്ലയുടെ സാമൂഹിക മണ്ഡലത്തിന് തീരാനഷ്ടമാണ്. കാസർകോട് വാർത്തയുടെ തുടക്കം മുതൽ എല്ലാ കാര്യങ്ങളിലും താങ്ങും തണലുമായി ശാഫി ഉണ്ടായിരുന്നു എന്നത് ആത്മബന്ധത്തിന്റെ ആഴം വെളിവാക്കുന്നു.
കാസർകോട് വാർത്തയോടുള്ള അദ്ദേഹത്തിന്റെ സഹകരണം വാക്കുകൾക്കതീതമായിരുന്നു. ഒരു സ്ഥാപനത്തിന്റെ വളർച്ചയിൽ ഒരു വ്യക്തിക്ക് എങ്ങനെയെല്ലാം പിന്തുണ നൽകാൻ സാധിക്കുമോ, അതെല്ലാം ശാഫി കാസർകോട് വാർത്തക്ക് നൽകി. വാർത്തയുടെ ഓരോ ചുവടുവയ്പ്പിലും അദ്ദേഹത്തിന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു. സന്തോഷ വേളകളിൽ ഒരു കൂട്ടുകാരനായി അദ്ദേഹം എപ്പോഴും കൂടെ നിന്നു.

പട്ലയുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ ശാഫി സജീവമായിരുന്നു. നാടിന്റെ നന്മക്കായി പ്രവർത്തിക്കാൻ അദ്ദേഹം എപ്പോഴും മുന്നിട്ടിറങ്ങി. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ എടുത്തുപറയേണ്ടതാണ്. പട്ല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പി.ടി.എ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെയുള്ള പ്രധാന പദവികൾ അദ്ദേഹം അലങ്കരിച്ചു. സ്കൂളിൻ്റെ വികസനത്തിലും വിദ്യാർത്ഥികളുടെ ഉന്നമനത്തിനുമായി അദ്ദേഹം ചെയ്ത കാര്യങ്ങൾ വിലമതിക്കാനാവാത്തതാണ്.

കാസർകോടിൻ്റെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾ നടപ്പിലാക്കി ഗുണമേന്മയുള്ള മെച്ചപ്പെട്ട വിദ്യാഭ്യാസം നടപ്പാക്കണമെന്ന ആഗ്രഹം വെച്ചു പുലർത്തിയിരുന്നു. പിന്നാക്ക ജില്ലയായ കാസർകോട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലായി വരേണ്ട കാര്യം എന്നും ഓർമപ്പെടുത്തി കൊണ്ടേയിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിലെ കലാവാസനകളെ പരിപോഷിപ്പിക്കാൻ തന്നാൽ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. സ്വന്തം മക്കളിൽ നിന്നു തന്നെ അത് തുടങ്ങിയെന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.
പരിചയപ്പെടുന്ന എതൊരാളോടും വളരെ പെട്ടന്ന് തന്നെ സൗഹൃദം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും എന്ന സമീപനം മറ്റി വെക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. നന്മയുടെ നിറകുടമായി കാണാവുന്ന വ്യക്തിത്വത്തിന് ഉദാഹരണമാണ് അദ്ദേഹം. സ്നേഹവും സഹകരണവും മുഖമുദ്രയാക്കിയ അദ്ദേഹം, നാടിനും നാട്ടുകാർക്കും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചു. അദ്ദേഹത്തിൻ്റെ വേർപാട് സൃഷ്ടിച്ച ദുഃഖം താങ്ങാനാവാത്തതാണ്. അദ്ദേഹം നൽകിയ സ്നേഹവും, ചെയ്ത നല്ല കാര്യങ്ങളും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും.
പിതാവിന്റെ പാത പിന്തുടർന്ന് മക്കളും നന്മയുടെ വഴിയേ ഉണ്ട്. മെക്കാനിക്കൽ എൻജിനിയറും കാർട്ടൂണിസ്റ്റുമായ മകൻ മുജീബും, സാമ്പത്തിക ശാസ്ത്രത്തിൽ പി എച്ച് ഡി ചെയ്യുന്ന മകൾ മുർഷിദ സുൽത്താറയുമടക്കം ഷാഫി കുടുംബസമേതം കാസർകോട് വാർത്തയോട് ചേർന്ന് നിന്ന വ്യക്തിത്വമായിരുന്നു. മുഹമ്മദ് ശാഫി പട്ലയുടെ ഓർമ്മകൾ എന്നും നാടിന് പ്രകാശമായിരിക്കും.
ദീർഘകാലം യു എ ഇയിൽ പ്രവാസ ജീവിതം നയിച്ച ഷാഫി നാട്ടിലെത്തി ശിഷ്ഠ കാലജീവിതത്തിനിടയിൽ പ്രമേഹരോഗത്തിന്റെ അസ്വസ്ഥതകൾക്കിടയിലും നാടിൻറെ നന്മയ്ക്കൊപ്പം പ്രവർത്തിച്ച് കൊണ്ടേയിരുന്നു. പട്‌ലയിൽ നല്ലൊരു വായനശാല വേണം എന്ന നിലയ്ക്ക് കഴിവിന്റെ പരമാവധി പുസ്തകം സ്വരൂപിച്ചു കൊണ്ട് ചെറുതായെങ്കിലും ഒരു ലൈബ്രറി സ്ഥാപിക്കാൻ കഴിഞ്ഞു. ഒരു പ്രദേശത്തിന്റെ സമസ്ത മേഖലയിലും കൂടെ നിന്ന മുഹമ്മദ് ഷാഫിയുടെ മരണം പ്രദേശത്തെ കണ്ണീരിലാഴ്ത്തി.
Obituary | പട്ളയിലെ മുഹമ്മദ് ശാഫി നിര്യാതനായി
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Muhammad Shafi Padla, a key contributor to the social, cultural, and educational development of Kasaragod, passed away, leaving a lasting impact on the community.
#MuhammadShafiPadla #KasaragodNews #SocialWork #EducationalImpact #CommunityLeader #KasaragodVartha