മൊസാംബിക്കിൽ ബോട്ട് മുങ്ങി 3 ഇന്ത്യക്കാർ മരിച്ചു; പിറവം സ്വദേശിയായ യുവാവിനെ കാണാതായി
● ബെയ്‌റാ തുറമുഖത്തിന് സമീപമാണ് അപകടം നടന്നത്.
● വെളിയനാട് സ്വദേശി ഇന്ദ്രജിത്ത് ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരെയാണ് കാണാതായത്.
● എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലേക്കു ജീവനക്കാരെ കൊണ്ടുപോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
● ഇന്ദ്രജിത്ത് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം കപ്പൽ അറ്റകുറ്റപ്പണി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
● ഇന്ദ്രജിത്തിൻ്റെ പിതാവ് സന്തോഷ് മൊസാംബിക്കിൽ എത്തും.
പിറവം: (KasargodVartha) ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ബോട്ട് മുങ്ങി മൂന്ന് ഇന്ത്യക്കാർ മരിച്ചു. അഞ്ച് ഇന്ത്യക്കാരെയും കാണാതായി. പിറവം വെളിയനാട് പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത്തും (22) കാണാതായവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തിൽ അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നതിനിടെ കേരളത്തിൽ പിറവത്തും വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.
തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലേക്കു ജീവനക്കാരെ കൊണ്ടുപോകുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലെ ജോലിക്കാരും കപ്പലിൽ ജോലിക്കു കയറേണ്ടവരും ഉൾപ്പെടെ 21 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരികയാണ്.
We convey our heartfelt condolences on the loss of lives, including of three Indian nationals, in a boat accident off Beira port.
— India in Mozambique (@IndiainMoz) October 17, 2025
Mission is in contact with families of those who have lost their lives in this unfortunate accident and is extending all possible assistance to them. pic.twitter.com/6dYwx8ks4c
ബോട്ടിൽനിന്ന് ഇതുവരെ 13 പേരെ രക്ഷപ്പെടുത്തി. മെക്കാനിക്കൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയ ഇന്ദ്രജിത്ത് ഒരു വർഷത്തോളമായി കപ്പലിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന കമ്പനിയിലാണു ജോലി ചെയ്യുന്നത്. കപ്പലിൽ ജോലിക്കു കയറുന്നതിനു ബോട്ടിൽ പോകുമ്പോഴായിരുന്നു ഈ ദുരന്തം.
അതേസമയം, അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവ് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇന്ദ്രജിത്തിൻ്റെ പിതാവ് സന്തോഷും കപ്പലിൽ ജോലി ചെയ്യുകയാണ്. അദ്ദേഹം ശനിയാഴ് (18.10.2025) മൊസാംബിക്കിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ചികിത്സയിലുള്ളവരെ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തുവരികയാണ്.
വിദേശത്ത് ദുരിതത്തിലായ മലയാളികളെ സഹായിക്കാൻ ഇന്ത്യൻ എംബസികൾ കൂടുതൽ ശ്രദ്ധിക്കണോ? നിങ്ങളുടെ പ്രതികരണം അറിയിക്കുക.
Article Summary: Three Indians died, and five are missing in a boat accident in Mozambique, including a Malayali youth.
#MozambiqueBoatTragedy #IndianCrew #KochiYouthMissing #Indrajith #ShippingAccident #ForeignTragedy






