Obituary | മൗലവി ഗ്രൂപ് മാനേജിംഗ് ഡയറക്ടർ എൻ എം കറമുല്ല ഹാജി നിര്യാതനായി

● സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു എൻ എം കറമുല്ല ഹാജി.
● പുതിയ ബസ് സ്റ്റാൻഡിലെ അൻസാർ മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും കമിറ്റികളിലും അദ്ദേഹം സജീവ പങ്കാളിയായിരുന്നു.
● ഖബറടക്കം ഞായറാഴ്ച രാത്രി എട്ട് മണിയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
തളങ്കര: (KasargodVartha) പൗരപ്രമുഖനും കാസർകോട് മൗലവി ബുക്സ്, മൗലവി ട്രാവൽസ് തുടങ്ങി മൗലവി ഗ്രൂപ് ബിസിനസ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറുമായ തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദിന് സമീപം നെച്ചിപ്പടുപ്പിലെ എൻ എം കറമുല്ല ഹാജി (78) നിര്യാതനായി. സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തളങ്കര മാലിക് ദിനാർ ജുമാ മസ്ജിദ്, ദഖീറതുൽ ഉഖ്റ സംഘം എന്നിവയുടെ സെക്രടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
ടൗൺ മുബാറക് മസ്ജിദ് സെക്രടറിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. പുതിയ ബസ് സ്റ്റാൻഡിലെ അൻസാർ മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും കമിറ്റികളിലും അദ്ദേഹം സജീവ പങ്കാളിയായിരുന്നു. ഹജ്ജ് തീർഥാടനത്തിന് നേതൃത്വം നൽകിയിരുന്ന കറമുല്ല ഹാജി, തീർഥാടകർക്ക് എല്ലാ സഹായവും നൽകിയിരുന്നു. അദ്ദേഹത്തിന്റെ അനുഭവപരിചയവും സഹായമനസ്ഥിതിയും അനേകം പേർക്ക് താങ്ങും തണലുമായിരുന്നു.
1930-ൽ തളങ്കര നെച്ചിപ്പടുപ്പ് സ്വദേശിയായ മമ്മുഞ്ഞി മൗലവി കാസർകോട് എം എ റോഡിൽ ആരംഭിച്ച മൗലവി ബുക് ഡിപോ പിന്നീട് വളർന്ന് വലുതാവുകയായിരുന്നു. മമ്മുഞ്ഞി മൗലവിയുടെ പാത പിന്തുടർന്ന് മകൻ എൻ അബ്ദുല്ലയും പിന്നീട് അദ്ദേഹത്തിന്റെ മകൻ എൻ എം കറമുല്ലയും ഈ രംഗത്ത് സജീവമായി പ്രവർത്തിച്ചു. കറമുല്ല ഹാജി തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം മുംബൈയിലാണ് ചിലവഴിച്ചത്. മൗലവി ബുക് ഡിപോയുടെ മുംബൈയിലെ പ്രവർത്തനങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു.
വിവിധ സ്ഥലങ്ങളിൽ നിന്ന് മുംബൈയിൽ എത്തുന്നവർക്ക് താമസ സൗകര്യം ഒരുക്കുന്നതിലും അവരെ ഒരുമിപ്പിക്കുവാനും വിവിധ ജമാഅത്തുകൾ സ്ഥാപിക്കുവാനും അദ്ദേഹം മുൻകൈയെടുത്തു. മാലിക് ദീനാർ ഇസ്ലാമിക് അകാദമിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു കറമുല്ല ഹാജി. ദഖീറത്തുൽ ഉഖ്‌റാ സംഘത്തെ വളർത്തുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. 1955-ൽ സ്ഥാപിതമായ ഈ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് 17-ാം വയസ് മുതൽ ദീർഘകാലം അദ്ദേഹം തുടർന്നു.
കാസർകോട് നഗരത്തിലെ പ്രധാന മസ്ജിദുകളായ ടൗൺ മുബാറക് മസ്ജിദിന്റെയും ടൗൺ ഹസനത്തുൽ ജാരിയ മസ്ജിദിന്റെയും നവീകരണ പ്രവർത്തനങ്ങളിൽ കറമുല്ല ഹാജി പ്രധാന പങ്കുവഹിച്ചു. കാസർകോട്ട് തബ്‌ലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാൾ കൂടിയാണ്. തബ്‌ലീഗ് സമ്മേളനങ്ങളുടെ സംഘാടകരിലൊരാളായി അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.
എൻ അബ്ദുല്ല - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ്യ. മക്കൾ: അമാനല്ല, അൻവർ, സമദ്, ശിഹാബ്, ആരിഫ, നസീമ, സുമയ്യ, ഫാത്വിമത് സഹ്റ. മരുമക്കൾ: കരീം പാലക്കി, ഫസൽ മദീന വിദ്യാനഗർ, ബേനസീർ കാഞ്ഞങ്ങാട്, സഫൂറ നായിമാർമൂല, അബ്ദുല്ല സുൽസൺ, ഹഫ്സ ആലുവ, ഹുസ്ന മാവുങ്കാൽ, നിസാം വിദ്യാനഗർ. സഹോദരങ്ങൾ: അസ്മ പള്ളം, ലൈല ചെട്ടുംകുഴി, പരേതനായ എൻ എ സുലൈമാൻ. ഖബറടക്കം ഞായറാഴ്ച രാത്രി എട്ട് മണിയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
#NMKaramullaHaji, #Obituary, #SocialWork, #MoulaviGroup, #Kasargod, #KeralaNews
(Updated)