Found Dead | മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് പോയ ശേഷം കാണാതായ വീട്ടമ്മ പുഴയിൽ മരിച്ച നിലയിൽ
കുമ്പള പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്
കുമ്പള: (KasaragodVartha) മരുന്ന് വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് താമസ സ്ഥലത്ത് നിന്നിറങ്ങിയ ശേഷം കാണാതായ വീട്ടമ്മയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക നാരംപാടിയിലെ പരേതനായ നാരായണൻ മണിയാണിയുടെ ഭാര്യ എം ലീലാവതി (60) ആണ് മരിച്ചത്. നാരംപാടിയിലെ വാടക ക്വാർടേഴ്സിൽ മകന്റെ കൂടെ താമസിച്ചിരുന്ന ഇവർ ഇക്കഴിഞ്ഞ 27നാണ് താമസ സ്ഥലത്ത് നിന്ന് പോയത്.
പിന്നീട് ഇവർ തിരിച്ചുവരികയോ ഒരു വിവരവും ലഭിക്കുകയോ ചെയ്തിരുന്നില്ല. മകന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ കുമ്പള ഗോപാല കൃഷ്ണ ക്ഷേത്രത്തിന് സമീപത്തുള്ള പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പരേതരായ ചനിയ മണിയാണി - വെളുത്തമ്മ ദമ്പതികളുടെ മകളാണ് മരിച്ച ലീലാവതി. മക്കൾ: വിനോദ്, പ്രമോദ്, പ്രസാദ്. മരുമക്കൾ: ശശികല, നവ്യ. സഹോദരങ്ങൾ: യശോദാ, രാജേശ്വരി, പരേതനായ മുകുന്ദ.