പിറകോട്ടെടുത്ത ലോറിയിലെ മരത്തടി കാറിന്റെ ഗ്ലാസില്‍ തുളച്ചുകയറി മധ്യവയസ്‌ക്കന്‍ മരിച്ചു
May 27, 2016, 10:00 IST
പടന്നക്കാട്: (www.kasargodvartha.com 27/05/2016) മരക്കമ്പനിയില്‍നിന്നും പിറകോട്ടെടുത്ത ലോറിയിലെ മരത്തടി കാറിന്റെ ഗ്ലാസില്‍ തുളച്ചുകയറി മധ്യവയസ്‌ക്കന്‍ ദാരുണമായി മരണപ്പെട്ടു. ബേഡകം ബേത്തൂര്‍ പാറയിലെ ഗോപാലകൃഷ്ണനാണ് (58) മരണപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ പടന്നക്കാട് ദേശീയ പാതയിലാണ് അപകടമുണ്ടായത്.
ഗോപാലകൃഷ്ണനും മകനും അയല്‍വാസിയും പറശ്ശിനിക്കടവിലേക്ക് കാറില്‍ യാത്രപുറപ്പെട്ടതായിരുന്നു. കാര്‍ പടന്നക്കാട്ട് എത്തിയപ്പോള്‍ ദേശീയപാതയ്ക്ക് അരികിലെ മരക്കമ്പനിയില്‍നിന്നും ലോറി പിറകോട്ടെടുക്കുകയും ഇതിലുണ്ടായിരുന്ന മരത്തടികളിലൊന്ന് കാറിന്റെ സൈഡ് ഗ്ലാസിലേക്ക് തുളച്ചുകയറുകയുമായിരുന്നു.
ഈഭാഗത്തിരുന്ന ഗോപാലകൃഷ്ണന്റെ തലയിലേക്കും ദേഹത്തും ചില്ലുകള്‍ തുളച്ചുകയറി. അപകടം നേരില്‍കണ്ടവര്‍ ഓടിക്കൂടി കാറില്‍നിന്നും ഗോപാലകൃഷ്ണനേയും പരിക്കേറ്റ മറ്റുള്ളവരേയും പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗോപാലകൃഷ്ണന്റെ നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.
കാറിലുണ്ടായിരുന്ന ഗിരീഷ് എന്ന യുവാവിനും അപകടത്തില്‍ പരിക്കേറ്റു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഓമന. മക്കള്‍: ജിതിന്‍, ജിനേഷ്, ജിഷ്ണു.
Keywords: Accident, Padannakad, Kasaragod, Kerala, Obituary, Accident Death