city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ബാസ് മുതലപ്പാറയുടെ വിയോഗം; ഓര്‍മ്മയായത് കാസര്‍കോട്ടെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം

കാസര്‍കോട്: (www.kasargodvartha.com 06.06.2019) കാസര്‍കോട്ടെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അബ്ബാസ് മുതലപ്പാറയുടെ വിയോഗത്തില്‍ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ അനുശോചനം അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള നിരവധി സാമൂഹ്യ വിഷയങ്ങളില്‍ നിരന്തരമായി ഇടപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

മുളിയാറിലെ പുഞ്ചിരി ക്ലബിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ബാസ് മുതലപ്പാറ പീപ്പിള്‍സ് ജസ്റ്റിസ് വെല്‍ഫെയര്‍ ഫോറം, മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചിരുന്നു. മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറ സ്വദേശിയാണെങ്കിലും അബ്ബാസിന്റെ പ്രവര്‍ത്തന മേഖല കാസര്‍കോട് നഗരത്തിലായിരുന്നു. 27 വര്‍ഷമായി കാസര്‍കോട്ടു നിന്നും പ്രസിദ്ധീകരിക്കുന്ന ഗസല്‍ പത്രത്തിന്റെ പത്രാധിപരാണ്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും ലോകസഭയിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും തുടര്‍ച്ചയായി മത്സരിച്ച് ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. ഏറ്റവും ഒടുവില്‍ മത്സരിച്ചത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയിലായിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരോടും ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കുന്നവരോടും ഒരേ തരത്തില്‍ പെരുമാറാന്‍ അബ്ബാസിന് കഴിഞ്ഞിരുന്നു. ചെറിയ പെരുന്നാളിന് സപ്ലിമെന്റ് അടക്കം ഗസല്‍ പത്രം പുറത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് അന്ത്യം.

അബ്ബാസ് മുതലപ്പാറയുടെ വിയോഗം; ഓര്‍മ്മയായത് കാസര്‍കോട്ടെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം

അബ്ബാസ് മുതലപ്പാറയുടെ നിര്യാണത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് അനുശോചിച്ചു

അബ്ബാസ് മുതലപ്പാറയുടെ നിര്യാണത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് അനുശോചനം അറിയിച്ചു. ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന കൗണ്‍സില്‍ അംഗവും പൊതു കാര്യപ്രസക്തനും ഗസല്‍ പത്രാധിപരുമായിരുന്ന അബ്ബാസ് മുതലപ്പാറയുടെ ആകസ്മിക നിര്യാണം ഉത്തരകേരളത്തിന് തീരാനഷ്ടമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ നിരന്തരം മത്സരിച്ചിരുന്നെങ്കിലും ഫോര്‍വേഡ് ബ്ലോക്കില്‍ അംഗമായ ശേഷം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആശയാദര്‍ശങ്ങളില്‍ ആകൃഷ്ടനായി അച്ചടക്കമുള്ള പൊതുപ്രവര്‍ത്തകനായി ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ പ്രചാരകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രവാസികളുടെ വിഷയങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അബ്ബാസ് മുതലപ്പാറ നിരന്തരം ശ്രമിച്ചിരുന്നു. നിരവധി പ്രവാസ സംഘടനകളുമായി അഭേദ്യബന്ധം പുലര്‍ത്തിയ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് അഗാധമായ ദു:ഖം രേഖപ്പെടുത്തി.

പ്രസ്സ്‌ക്ലബ്ബില്‍ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി

അബ്ബാസ് മുതലപ്പാറയുടെ മൃതദേഹം മൂന്ന് മണിയോടെ കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ചു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടിഎ ഷാഫി, മുന്‍ പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍ സെക്രട്ടറി മുഹമ്മദ് ഹാഷിം, ഓഫീസ് സെക്രട്ടറി ഗിരീഷ്, വി വി പ്രഭാകരന്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍, മാധ്യമ പ്രവര്‍ത്തകരായ മുജീബ് അഹമ്മദ്, ജയകൃഷ്ണന്‍ നരികുറ്റി, വിനോയ് മാത്യു, ഉദിനൂര്‍ സുകുമാരന്‍, സുരേന്ദ്രന്‍ മട്ടന്നൂര്‍, പത്മേഷ്, മുജീബ് കളനാട്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, സുബൈര്‍ പള്ളിക്കാല്‍,  ദേവദാസ് പാറക്കട്ട, കെഎസ് ഗോപാല കൃഷ്ണന്‍, അഷ്‌റഫ് കൈന്താര്‍, നാരായണന്‍ കരിച്ചേരി, ഷൈജു പിലാത്തറ, ഷാജു ചന്തപ്പുര, ജിത്തു, രാജേഷ് മാങ്ങാട്, ഖാലിദ് പൊവ്വല്‍, വേണു ഗോപാല്‍, റോയി മാത്യു, രഞ്ചു, ന്യൂസ് ഏജന്റ് ബിഎച്ച് അബൂബക്കര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മാപ്പിളപാട്ട് രചയിതാവ് പി എസ് ഹമീദ്, മജീദ് തെരുവത്ത്, ഉസ്മാന്‍ കടവത്ത്, സിഎംഎ ജലീല്‍, മുഹമ്മദ് ഐഡിയൽ, എസ്ടിയു നേതാവ് ശരീഫ് കൊടവഞ്ചി, കവി രവീന്ദ്രന്‍ പാടി എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

അബ്ബാസ് മുതലപ്പാറയുടെ വിയോഗം; ഓര്‍മ്മയായത് കാസര്‍കോട്ടെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം
അബ്ബാസ് മുതലപ്പാറ കാസർകോട് വാർത്തയുടെ പ്രസ് ക്ലബ് കെട്ടിടത്തിലെ ഓഫീസ് ഉദ്ഘാടന വേളയിൽ

അബ്ബാസ് മുതലപ്പാറയുടെ വിയോഗം ഫോര്‍വേഡ് ബ്ലോക്കിന് തീരാ നഷ്ടം: മുനീര്‍ മുനമ്പം

ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന കൗണ്‍സില്‍ അംഗവും ഗസല്‍ വാര്‍ത്താ വാരിക എഡിറ്ററുമായ അബ്ബാസ് മുതലപ്പാറയുടെ വിയോഗം പാര്‍ട്ടിയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം പറഞ്ഞു. പാര്‍ട്ടിയില്‍ ഏറെ ജനകീയനായ നേതാവായിരുന്നു അബ്ബാസ് മുതലപ്പാറ. ഇതര പാര്‍ട്ടികളിലും പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്കു പോലും സ്വീകാര്യനും ആദരണീയനുമായിരുന്നു. പ്രവര്‍ത്തനത്തില്‍ നല്ല അച്ചടക്കവും കാത്ത് സൂക്ഷിച്ചു.

സംസ്ഥാന നേതാവായിരിക്കുമ്പോഴും കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ താത്പര്യം കാട്ടുകയും പ്രവര്‍ത്തകര്‍ക്ക് സന്ദര്‍ഭാനുസരണമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തുവന്നിരുന്നു. പൊതുകാര്യങ്ങളില്‍ ഇടപെടാനും നാടിനെയും ജനങ്ങളെയും സേവിക്കാനും എന്നും മുന്‍ നിരയിലുണ്ടായിരുന്നു. വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു അബ്ബാസ് മുതലപ്പാറ. എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കുന്ന കാര്യത്തില്‍ അദ്ദേഹം മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. പാവങ്ങളോടും കഷ്ടപ്പെടുന്നവരോടും എന്നും മമതയും സഹായ മനസ്‌ക്കതയും സഹാനുഭൂതിയും വെച്ചു പുലര്‍ത്തിയിരുന്ന നേതാവുകൂടിയായിരുന്നു അബ്ബാസ് മുതലപ്പാറയെന്നും മുനീര്‍ മുനമ്പം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നിരവധി പൊതുതിരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അബ്ബാസ്, പാര്‍ട്ടിയില്‍ വന്നതിനു ശേഷം അച്ചടക്കമുള്ള പ്രവര്‍ത്തകനായി മത്സര രംഗത്തു നിന്ന് മാറിനില്‍ക്കുകയും ഇത്തവണ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങുകയും ചെയ്തു. കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
കാസര്‍കോട് ജില്ലയില്‍ ഫോര്‍വേഡ് ബ്ലോക്കിന്റെ വളര്‍ച്ചയ്ക്കായി മുഖ്യപങ്ക് വഹിച്ചു. തന്റെ സന്തത സഹചാരിയായിരുന്നു മുതലപ്പാറയെന്നും മുനീര്‍ മുനമ്പം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിയ്ക്കും പൊതു പ്രവര്‍ത്തനമേഖലയ്ക്കും കനത്ത നഷ്ടമാണുണ്ടാക്കിയതെന്നും മുനീര്‍ പറഞ്ഞു.

പാര്‍ട്ടി ദേശീയ കമ്മിറ്റിയംഗം അഡ്വ. മനോജ് കുമാര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം  മനോജ് ശങ്കരനെല്ലൂര്‍, ജില്ലാ അസി.സെക്രട്ടറി ശാഫി കല്ലുവളപ്പില്‍, മറ്റു നേതാക്കളായ ശാഫി പെരുമ്പള, കെ.എം.റഹ്മാന്‍ നായന്മാര്‍മൂല, ഇഖ്ബാല്‍, തമ്പാന്‍ ചട്ടഞ്ചാല്‍, കുമാര്‍ പുല്ലൂര്‍, ഭാസ്‌ക്കരന്‍ കാനത്തൂര്‍, മുഹമ്മദ് ഉക്കിനടുക്ക എന്നിവരും വീട്ടിലെത്തി അനുശോചിച്ചു.

മനുഷ്യ ബന്ധങ്ങള്‍ക്ക് വില കല്‍പിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് അബ്ബാസ്: സിദ്ദിഖ് ചേരങ്കൈ

മനുഷ്യ ബന്ധങ്ങള്‍ക്ക് വില കല്‍പിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് അബ്ബാസ്  മുതലപ്പാറയെന്ന് സിദ്ദിഖ് ചേരങ്കൈ. നര്‍മ്മം നിറഞ്ഞ നന്മയുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു അബ്ബാസ് മുതലപ്പാറ. ഓര്‍ത്തു വെക്കാന്‍ ചേര്‍ന്ന് നിന്ന ഒരു ഫോട്ടോയുടെ ആവശ്യമില്ലെന്നും, മനുഷ്യ ബന്ധങ്ങള്‍ക്ക് വില കല്‍പിച്ചിരുന്നെന്നും സിദ്ദിഖ് ചേരങ്കൈ പറഞ്ഞു. ആഘോഷങ്ങള്‍ക്ക് മുന്‍പായി ഇറങ്ങുന്ന അബ്ബാസ്  മുതലപ്പാറയുടെ ഗസല്‍ പത്രം ഒരു അനുഭവം ആണെന്നും  അദ്ദേഹവുമായി ഇടപഴകിയ ആര്‍ക്കും ഈ വിയോഗം നിയന്ത്രിക്കാനോ മറക്കാനോ പറ്റില്ലെന്നും സിദ്ദിഖ് ചേരങ്കൈ കൂട്ടിച്ചേര്‍ത്തു. ശബ്ദം കൊണ്ടും വേഷവിധാനം കൊണ്ടും വളരെ വ്യത്യസ്തനായിരുന്ന അബ്ബാസിനെ പഴയ ബസ് സ്റ്റാന്‍ഡില്‍ ഇനി കാണില്ലെന്നും പകരം കണ്ടെത്താനാവാത്ത ഒരു ശൂന്യത മാത്രമായിരിക്കും  എന്നും സിദ്ദിഖ് ചേരങ്കൈ പറഞ്ഞു.

അബ്ബാസ് മുതലപ്പാറയുടെ നിര്യാണം: സര്‍വ്വ കക്ഷി അനുശോചന യോഗം നാളെ 

അബ്ബാസ് മുതലപ്പാറയുടെ നിര്യാണത്തില്‍ അനുശോജിച്ചുകൊണ്ട് ഫോര്‍വേഡ് ബ്ലോക്ക് കാസര്‍കോട്  ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സര്‍വ്വകക്ഷി അനുശോചന യോഗം ചേരും. യോഗത്തില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വക്തികള്‍ പങ്കെടുക്കുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം അറിയിച്ചു.


ഇനി പെരുന്നാളിന് അബ്ബാസ് മുതലപ്പാറയുടെ ആശംസ ലഭിക്കില്ലെന്നത് സങ്കടപ്പെടുത്തുന്നു: ആലൂര്‍ മഹ് മൂദ് ഹാജി

ഇനി പെരുന്നാളിന് അബ്ബാസ് മുതലപ്പാറയുടെ ആശംസ ലഭിക്കില്ലെന്നത് സങ്കടപ്പെടുത്തുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തകനും അബ്ബാസിന്റെ സുഹൃത്തുമായ ആലൂര്‍ മഹ് മൂദ് ഹാജി പറഞ്ഞു. സാംസ്‌കാരിക പത്ര പ്രവര്‍ത്തന മേഖലയിലെ നിറ സാന്നിധ്യമായിരുന്നു.

ബോവിക്കാനം സ്പീക്കിങ് വാട്‌സാപ്പ് ഗ്രൂപ്പിന്റെ ചാലകശക്തിയായിരുന്നു. ബോവിക്കാനം ബിആര്‍എസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ആ സ്‌നേഹം പത്ര പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും തുടര്‍ന്നു. മസൂദ് ബോവിക്കാനത്തോടൊപ്പം ദുബൈയില്‍ വന്നു ഗസലിന്റെ ആദരവ് സമ്മാനിച്ചത്  മറക്കാനാകില്ല. ആ സ്‌നേഹം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയും ചെയ്തു.

ഈ പെരുന്നാളിന് ഈദ് മുബാറക്ക് ആശംസകാള്‍ പരസ്പരം കൈമാറാന്‍ കഴിയാതെ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി അബ്ബാസ് നമ്മളോട് യാത്ര പറഞ്ഞ് പിരിഞ്ഞു. വിശാല മനസ്‌കതയുള്ള ആ വലിയ മനുഷ്യന്‍ ഇതുവരെ ഒന്നിച്ചുവര്‍ത്തിക്കുകയും രോഗ ബാധിതനാകുന്നത് വരെ ആ ബന്ധം തുടരുകയും ചെയ്തു. ഇനി സ്വര്‍ഗത്തിലും ഒന്നിച്ചു കഴിയാന്‍ അല്ലാഹു സൗഭാഗ്യം നല്‍കട്ടെ. മഹ്മൂദ് ഹാജി പറഞ്ഞു.

അബ്ബാസ് മുതലപ്പാറയുടെ വിയോഗം; ഓര്‍മ്മയായത് കാസര്‍കോട്ടെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)     

Keywords:  Kerala, Kasaragod, News, Obituary, Journalists, Death, Memorial, Gazal, News Paper, Reporter.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia