Obituary | മഞ്ഞുമ്മല്‍ ബോയ്സ് സഹസംവിധായകൻ അനില്‍ സേവ്യര്‍ അന്തരിച്ചു
മലയാള സിനിമയിലെ പ്രതിഭാശാലിയായ സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
കൊച്ചി: (KasargodVartha) പ്രശസ്ത ശില്‍പ്പിയും സഹസംവിധായകനുമായ അനില്‍ സേവ്യർ (39) അപ്രതീക്ഷിതമായി വിടവാങ്ങി. ഫുട്ബോള്‍ കളിക്കിടെ സംഭവിച്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ നിരവധി ചലച്ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അനില്‍ സേവ്യർ, മലയാള സിനിമയില്‍ തിളങ്ങുന്ന സംവിധാകനായിരുന്നു.
അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരികയായിരുന്നു. തൃപ്പൂണിത്തുറ ആർഎല്‍വി കോളജില്‍ നിന്ന് ബിഎഫ്‌എയും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയില്‍ നിന്ന് ശില്‍പ്പകലയില്‍ എംഎഫ്‌എയും നേടിയ അദ്ദേഹം, കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ക്യാംപസില്‍ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശില്‍പം നിര്‍മ്മിച്ചതും അനില്‍ സേവ്യറാണ്.
അനില്‍ സേവ്യറിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമ ലോകത്തും കലാ രംഗത്തും വലിയ ദുഃഖമുണ്ടാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
#AnilXavier #MalayalamCinema #RIP #MalayalamFilmmaker #Sculptor #HeartAttack #Kerala