Obituary | വീട്ടിലിരിക്കുകയായിരുന്ന ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു; ദിവസങ്ങൾക്കിടെ രണ്ടാമത്തെ അപകടം
* ബെള്ളൂർ സബ്രകജെയിലെ ഗംഗാധരൻ ആണ് മരിച്ചത്
ബെള്ളൂർ: (KasargodVartha) വീട്ടിലിരിക്കുകയായിരുന്ന ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ബെള്ളൂർ സബ്രകജെയിലെ ഗംഗാധരൻ (76) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. നിലത്തേക്ക് തെറിച്ചുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ മുള്ളേരിയയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിമിന്നലിൽ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാര്യ: ബേബി. മക്കൾ: ശ്രീനിവാസ റൈ, സുജയ, സുപ്രിയ. ജഗന്നാഥ റൈ സഹോദരനാണ്. ദിവസങ്ങൾക്കിടെ ഇടിമിന്നലേറ്റ് കാസർകോട് ജില്ലയിൽ റിപോർട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഗംഗാധരന്റേത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിലും മഴയിലും മടിക്കൈ ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ (55) മരണപ്പെട്ടിരുന്നു.
ശനി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായർ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മി. മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.