വാഹനാപകടത്തിൽ പരിക്കേറ്റ നടൻ സന്തോഷ് നായർ മരിച്ചു
● പത്തനംതിട്ട ഏനാത്ത് വെച്ച് അദ്ദേഹം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
● അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ശുഭശ്രീക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു.
● 1982-ൽ 'ഇതു ഞങ്ങളുടെ കഥ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
● തിരുവനന്തപുരം എംജി കോളജിൽ നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്നു.
● ഒടുവിലായി പുറത്തിറങ്ങിയ ചിത്രം നിലവിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന 'മോഹിനിയാട്ടം' ആണ്.
പത്തനംതിട്ട: (KasargodVartha) വാഹനാപകടത്തിൽ പരിക്കേറ്റ പ്രമുഖ ചലച്ചിത്ര താരം സന്തോഷ് നായർ (65) മരിച്ചു. ചൊവ്വാഴ്ച (2026 മെയ് 05) രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് അടൂർ ലൈഫ് ലൈന്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം സ്ഥിരീകരിച്ചത്.
നടന്‍ സഞ്ചരിച്ച കാർ ഏനാത്തു വെച്ച് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സന്തോഷ് ആണ് വാഹനം ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സന്തോഷിൻ്റെ ഭാര്യ ശുഭശ്രീക്കും ലോറി ഡ്രൈവർ സുധീഷിനും അപകടത്തിൽ പരിക്കേറ്റു. ശുഭശ്രീ ചികിത്സയിൽ തുടരുകയാണ്. ഭാര്യയുടെ പരിക്ക് ഗുരുതരമല്ല.
നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം
നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലാണ് അദ്ദേഹം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 1982-ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെയാണ് സന്തോഷ് നായർ വെള്ളിത്തിരയിൽ അരങ്ങേറുന്നത്.
നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. വില്ലൻ, നായകൻ, ഹാസ്യനടൻ, സഹനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അദ്ദേഹം തന്മയത്വത്തോടെ അവതരിപ്പിച്ചു.
കുടുംബവും പശ്ചാത്തലവും
1960 നവംബർ 12-ന് തിരുവനന്തപുരത്താണ് സന്തോഷ് നായർ ജനിച്ചത്. സി എൻ കേശവൻ നായരുടെയും പി രാജലക്ഷ്മി അമ്മയുടെയും മകനാണ്. തിരുവനന്തപുരം എംജി കോളജിൽ നടൻ മോഹൻലാലിൻ്റെ ജൂനിയറായിരുന്നു അദ്ദേഹം.
താരത്തിൻ്റെ വിയോഗത്തിൽ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ വൈകാതെ ലഭ്യമാകും.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യുക. മലയാള സിനിമയിലെ ഈ മികച്ച നടൻ്റെ വിയോഗത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ ഫേസ്ബുക്ക് പേജില്‍ വാര്‍ത്തയുടെ താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: Noted Malayalam actor Santhosh Nair passed away following a car accident in Pathanamthitta.
#SanthoshNair #MalayalamCinema #ActorPassedAway #PathanamthittaNews #EnathuAccident #MalayalamActor






