കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം; വാക്കേറ്റത്തിനിടെ വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു, പ്രതിക്കെതിരെ കൊലക്കുറ്റം
● മൂന്നിയൂർ കുന്നത്തുപറമ്പ് വടക്കേപ്പുറത്ത് ഫൈസലാണ് മരിച്ചത്
● ജൂലൈ ആറിന് രാത്രി കുന്നത്തുപറമ്പിലെ സൂപ്പർ മാർക്കറ്റിലാണ് സംഭവമുണ്ടായത്
● നേരത്തെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പ്രതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു
തിരൂരങ്ങാടി: (KasargodVartha) കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടെ വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. മൂന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി വടക്കേപ്പുറത്ത് ഫൈസൽ (52) ആണ് മരിച്ചത്. കോട്ടയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ 2026 ജൂലൈ 13 തിങ്കളാഴ്ചയാണ് ഫൈസൽ മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
സൂപ്പർ മാർക്കറ്റിലെ തർക്കം
കുന്നത്തുപറമ്പ് സ്വദേശി മാളിയേക്കൽ ലത്വീഫുമായുണ്ടായ തർക്കത്തിലാണ് ഫൈസലിന് വീണ് സാരമായി പരിക്കേറ്റത്. 2026 ജൂലൈ ആറിന് രാത്രിയായിരുന്നു സംഭവം നടന്നത്. കുന്നത്തുപറമ്പിലെ സൂപ്പർ മാർക്കറ്റിൽനിന്ന് കോഴിമുട്ട വാങ്ങാനെത്തിയതിനിടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. മുട്ട വാങ്ങാനെത്തിയപ്പോൾ കടയിൽ ആറ് മുട്ടയാണ് ഉണ്ടായിരുന്നത്. അതിൽ അഞ്ചും ഒരാൾക്ക് തന്നെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു തർക്കമെന്നാണ് പ്രാഥമിക വിവരം.
കൊലക്കുറ്റം ചുമത്തി പൊലീസ്
ഇതിനിടെ ലത്വീഫ് വാഹനത്തിൽ കയറി പോകുന്നതിനിടയ്ക്ക് ഫൈസൽ കോഴിമുട്ട കൊണ്ട് എറിഞ്ഞു. ഇതേ തുടർന്നുണ്ടായ അടിപിടിയിൽ ഫൈസൽ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വീഴ്ചയിൽ സാരമായി പരിക്കേറ്റ ഫൈസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ കുറ്റാരോപിതനായ ലത്വീഫിനെതിരെ കൊലപാതക ശ്രമത്തിന് തിരൂരങ്ങാടി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പ്രതിയെ കോടതി റിമാൻഡും ചെയ്തിരുന്നു. ഫൈസലിൻ്റെ മരണം സംഭവിച്ചതോടെ റിമാൻഡിലുള്ള പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഫൈസലിൻ്റെ മൃതദേഹം മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം കളത്തിങ്ങൽപാറ ജുമാമസ്ജിദിൽ ഖബറക്കം ചെയ്തു.
ഈ പ്രാദേശിക വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: A 52-year-old man died after a scuffle over buying eggs at a supermarket.
#TirurangadiNews #MalappuramCrime #LocalNewsKerala #KeralaPolice #CrimeNewsMalayalam #Moonniyur #RenuNews






