പ്രമുഖ പണ്ഡിതൻ മാഹിൻ മുസ് ലിയാർ തൊട്ടി അന്തരിച്ചു
● പൊസോട്ട് മമ്പഉൽ ഉലൂം ദർസ് മുദരിസായി സേവനമനുഷ്ഠിച്ചു.
● കർണാടകയിലെ പുത്തൂർ പാണാജെ കൊറുങ്കിലയിൽ 1951 ഒക്ടോബർ 17 ന് ജനനം.
● പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് 1976-ൽ ഫൈസി ബിരുദം നേടി.
● പയ്യക്കി ഉസ്താദ് ഒന്നാമൻ ഉൾപ്പെടെ പ്രമുഖരായിരുന്നു ഗുരുനാഥൻമാർ.
● തൊട്ടി ജുമാമസ്ജിദിൽ 17 വർഷം സേവനം ചെയ്തതിനാലാണ് 'തൊട്ടി' എന്ന പേര് ലഭിച്ചത്.
കാസർകോട്: (KasargodVartha) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പൈവളിക ജാമിഅ അൻസാരിയ്യ പയ്യക്കി ഉസ്താദ് ഇസ് ലാമിക് അക്കാദമി പ്രിൻസിപ്പലും പൊസോട്ട് മമ്പഉൽ ഉലൂം ദർസ് മുദരിസുമായ ചെങ്കള നാലാംമൈൽ മിദാദ് നഗർ പാണർകുളം മാഹിൻ മുസ് ലിയാർ തൊട്ടി (74) അന്തരിച്ചു.
തലച്ചോറിൽ പക്ഷാഘാതം ഉണ്ടായതിനെത്തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 8.40 ന് ചൊങ്കള ഇ.കെ നായനാർ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രണ്ടു ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കർണാടകയിലെ പുത്തൂർ പാണാജെ കൊറുങ്കിലയിലെ ബാവ മുസ് ലിയാരുടെയും സൈനബയുടെയും മകനായി 1951 ഒക്ടോബർ 17 നായിരുന്നു മാഹിൻ മുസ് ലിയാർ തൊട്ടിയുടെ ജനനം. പൈവളിക ദർസ്, പുത്തൂർ ജുമാമസ്ജിദ്, ഉറുമി, ആലംപാടി ദർസ്, മേൽപറമ്പ് ദർസ് എന്നിവിടങ്ങളിലെ പഠനങ്ങൾക്ക് ശേഷം 1976 ലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം നേടിയത്.
പയ്യക്കി ഉസ്താദ് ഒന്നാമൻ അബ്ദുറഹ്മാൻ മുസ് ലിയാർ, ആലംപാടി കുഞ്ഞബ്ദുല്ല മുസ് ലിയാർ, മേൽപറമ്പ് ഖത്തീബായിരുന്ന അബ്ദുൽഖാദർ മുസ് ലിയാർ, കോട്ടുമല അബൂബക്കർ മുസ് ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ് ലിയാർ എന്നിവരുൾപ്പെടെ പ്രമുഖരായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന ഗുരുനാഥൻമാർ. 2019 മാർച്ച് ആറിനാണ് അദ്ദേഹം സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
ബാലപുനി പാത്തൂർ, വിട്ട്‌ള ഉക്കുഡ, തൊട്ടി, ഉപ്പിനങ്ങാടി, കുമ്പോൽ, ബല്ലാ കടപ്പുറം, ആറങ്ങാടി, കണ്ണൂർ ജില്ലയിലെ ചെറുകുന്ന്, പള്ളിക്കര പൂച്ചക്കാട് എന്നിവിടങ്ങളിലെ ജുമാമസ്ജിദുകളിൽ അദ്ദേഹം മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിൽ 17 വർഷക്കാലം തൊട്ടി ജുമാമസ്ജിദിൽ സേവനം ചെയ്തതിനെത്തുടർന്നാണ് അദ്ദേഹം മാഹിൻ മുസ് ലിയാർ തൊട്ടി എന്ന പേരിൽ അറിയപ്പെട്ടത്. അവസാനകാലം വരെ അദ്ദേഹം പൊസോട്ട് ദർസിലും മുദരിസായി സേവനമനുഷ്ഠിച്ചുപോന്നു.
ഭാര്യ: മറിയം. മക്കൾ: മുഹമ്മദ് നഫീഹ് ദാരിമി (മുദരിസ്, സുള്ള്യ ബെള്ളാരെ), അഹമ്മദ് ബിഷ്ര്‍ (ഷാർജ), ബാബ ഉനൈസ്, ഫാത്തിമ സലീഖ്, സുനൈബ, ഹവ്വ ഉമൈന. മരുമക്കൾ: അഹമ്മദ് ദാരിമി (ഖത്തീബ്, ബെദിരെ ജുമാമസ്ജിദ്), അബ്ദുൽനാസിർ യമാനി (ഖത്തീബ്, എതിർത്തോട് ജുമാമസ്ജിദ്), മുഹമ്മദ് മുഷ്താഖ് ദാരിമി (മുദരിസ്, പടന്നക്കാട് ദർസ്).
സഹോദരങ്ങൾ: ഷാഹുൽഹമീദ് ദാരിമി, പരേതരായ മൂസ മുസ് ലിയാർ, മുഹമ്മദ് കുഞ്ഞി മുസ് ലിയാർ. അദ്ദേഹത്തിൻ്റെ ഖബറടക്കം ഞായറാഴ്ച അസർ നിസ്കാരാനന്തരം മേൽപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഈ വാർത്ത ഷെയർ ചെയ്ത് അനുശോചനം അറിയിക്കൂ.
Article Summary: Eminent Islamic scholar and Samastha Mushawara member Mahin Musliyar Thotti passed away at 74.
#MahinMusliyarThotti #Samastha #IslamicScholar #Kasargod #Obituary #KeralaNews






