മധൂരിലെ എഞ്ചിനിയര്‍ ഇബ്രാഹിം ഹാജി നിര്യാതനായി
Jun 19, 2015, 12:22 IST
മധൂര്‍: (www.kasargodvartha.com 19/06/2015) ഭാഭാ ആറ്റോമിക് സെന്റര്‍ മുന്‍ ഉദ്യോഗസ്ഥന്‍ എഞ്ചിനിയര്‍ ഇബ്രാഹീം മധൂര്‍ (81) നിര്യാതനായി. ഉളിയത്തടുക്കയിലെ മൈക്ക ഇന്‍ഡസ്ട്രീസ് ഉടമയും പ്രമുഖ വ്യവസായിയുമായിരുന്നു.
അസുഖത്തെത്തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സഅദിയ്യ, മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ ആദ്യകാല പ്രവര്‍ത്തകനും വിവിധ സംഘടനകളുടെ സാരഥിയുമായിരുന്നു.
25 വര്‍ഷത്തിലേറെ മധൂര്‍ ബദര്‍ ജുമാ മസ്ജിദ് കമ്മറ്റി പ്രസിഡന്റായി സേവനം ചെയ്ത അദ്ദേഹം സമസ്ത കേരള സുന്നി യുവജന സംഘം മധൂര്‍ പഞ്ചായത്ത് കമ്മറ്റിയില്‍ 20 വര്‍ഷം പ്രസിഡന്റായി സേവനം ചെയ്തു. എസ്.വൈ.എസ് കാസര്‍കോട് മേഖലാ ഉപാധ്യക്ഷന്‍. സുന്നി എജുക്കേഷനല്‍ അസേസിയേഷന്‍ ജില്ലാ സെക്രട്ടറി, മഞ്ചത്തടുക്ക ദര്‍ഗാ കമ്മറ്റിയുടെ ദീര്‍ഘകാല ചെയര്‍മാന്‍, കേരളസ്‌മോള്‍ സ്‌കേല്‍ ഇന്‍ഡസ്ട്രീസ് സംസ്ഥാന വൈസ് പ്രസിഡന്റ്, റോട്ടറി ക്ലബ്ബ്, ജൂനിയര്‍ ചേമ്പര്‍ എന്നിവയുടെ ദീര്‍ഘകാല അംഗം തുടങ്ങി എഞ്ചിനിയര്‍ ഇബ്രീഹീം ഹാജി സേവനം ചെയ്ത മേഖലകള്‍ ഏറെയാണ്.
1934 ല്‍ മധൂരില്‍ മുഹമ്മദിന്റെയും ആയിശുമ്മയുടെയും മകനായി ജനിച്ച അദ്ദേഹം കഠിന പ്രയത്‌നം കൊണ്ടാണ് വിദ്യാഭ്യാസ രംഗത്ത് ഉന്നതങ്ങള്‍ വെട്ടിപ്പിടിച്ചത്. മധൂര്‍, കാസര്‍കോട് ബി.ഇ.എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മംഗലാപുരത്ത് ഉന്നത വിദ്യാഭ്യാസത്തിനു ചേര്‍ന്ന അദ്ദേഹം സിവില്‍ എഞ്ചിനിയറിംഗില്‍ ബിരുദവുമായി പുറത്തിറങ്ങി, 1962 ല്‍ഇന്ത്യന്‍ കരസേനയില്‍ റോഡ് വിംഗില്‍ എഞ്ചിനിയറായി ഔദ്യോഗിക മേഖലയില്‍ പ്രവേശിച്ച അദ്ദേഹം 68 വരെ തുടര്‍ന്നു. ഇതിനിടെ ഇന്ത്യാ-ചൈനാ യുദ്ധ മുഖം നേരില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു. 1968 മുതല്‍ ഏഴ് വര്‍ഷം വിക്രം സാരാഭായുടെ നേതൃത്വത്തിലുള്ള ട്രോംബെയിലെ ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ ആണവ നിലയത്തില്‍ എഞ്ചിനിയറായി സേവനം ചെയ്തു.
ശേഷം ഇറാനിലെ ടെഹ്‌റാനില്‍ വിവിധ പ്രൊജക്റ്റുകളില്‍ എഞ്ചിനിയറായി സേവനമനുഷ്ഠിച്ചു. ഇറാന്‍ വിപ്ലവം നടക്കുന്ന കാലമായിരുന്നു അത്. ഭാര്യാ സമേതം അവിടെ കഴിഞ്ഞിരുന്ന അദ്ദേഹം 1980 ല്‍ ആ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു.
1980ല്‍ ഉളിയത്തടുക്കയില്‍ മൈക്ക ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ മര മില്ലും അനുബന്ധ വ്യവസായങ്ങളും തുടങ്ങിയ അദ്ദേഹം വളരെ ചുരുങ്ങി കാലം കൊണ്ട് വ്യവസായ മേഖലയില്‍ തിളങ്ങി. ചെറുകിട വ്യവസായികളെ സംഘടിതരാക്കുന്നതില്‍ മുന്നില്‍ നിന്ന എഞ്ചിനിയര്‍ ട്രേഡ് യൂണിയനുകളുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.
ഖജീജയാണ് ഭാര്യ. മക്കള്‍: എഞ്ചിനിയര്‍ മുഹമ്മദ് ഷാഫി (സൗദി), മഫീദ (ലക്ചര്‍, മഗലാപുരം), അബ്ദുല്‍ അസീസ് (ദുബൈ), അശ്രഫ് (മൈക്ക ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍), അമീര്‍ (അധ്യാപകന്‍ സൗദി) ആയിശത്ത് ഹസീന (കുടുംബശ്രീ കോഡിനേറ്റര്‍ കാസര്‍കോട്), എഞ്ചിനിയര്‍ അഫ്‌സാര്‍ (വെല്‍സ് ഫാര്‍ഗോ ബാംഗ്ലൂര്‍). മരുമക്കള്‍: അശ്രഫ് മംഗലാപുരം, താരീഖ് ചെമനാട്, റൈഹാന, ശാഹിദ, റസിയ, തസ്‌നി, ശൈമ. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതരായ ഖദീജ, മറിയമ്മ, ആച്ചിബി.
മരണ വിവരമറിഞ്ഞ് നിരവധിപേര്‍ മധൂറിലെ വസതിയിലെത്തി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അനുശേചനമറിയിച്ചു.
ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ ഐ.എ.എസ്, ഖാസി സയ്യിദ്‌സ മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, മുഹിമ്മാത്ത് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കല്ലക്കട്ട മജ്മഅ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സോണ്‍പ്രസിഡന്റ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, കുമ്പള സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍. സെക്രട്ടറി കന്തല്‍ സൂപ്പി മദനി, സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
Keywords: Madhur, Obituary, Kasaragod, Kerala, Madhur Ibrahim Haji passes away.
Advertisement: