Tragedy | കണ്ണീരോടെ നാടിന്റെ വിട; ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് മരിച്ച റിയാസിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി
തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് കടലിലാണ് 10 ദിവസത്തിന് ശേഷം തിങ്കളാഴ്ച യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ചെമ്മനാട്: (KasragodVartha) കീഴൂർ ഹാർബറിൽ ചൂണ്ടയിടുന്നതിനിടയിൽ കടലിൽ വീണ് മരണപ്പെട്ട ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിന്റെ (37) മൃതദേഹം വൻ ജനാവലിയുടെ സന്നിധ്യത്തിൽ ഖബറടക്കി. തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് കടലിലാണ് 10 ദിവസത്തിന് ശേഷം തിങ്കളാഴ്ച യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
തൃശൂർ ഗവ. മെഡികൽ കോളജിൽ നിന്നും പോസ്റ്റ് മോർടത്തിന് ശേഷം പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. അരമണിക്കൂറിനുള്ളിൽ ചെമനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിലെത്തിച്ച് ഖബറടക്കി. തിങ്കളാഴ്ച ഉച്ചയോടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ നടത്തിയ തിരച്ചിലിനിടെയാണ് തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് പുറം കടലിൽ മൃതദേഹം കണ്ടെത്തിയത്.
പിന്നീട് മൃതദേഹം കൊടുങ്ങല്ലൂർ ആശുപത്രിയിലേക്കും തൃശൂർ മെഡികൽ കോളജിലേക്കും മാറ്റി. യുവാവിന്റെ ട്രാക്‌സൂടിന്റെ കീശയിൽ പ്ലാസ്റ്റികിൽ പൊതിഞ്ഞ നിലയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ഇതാണ് പെട്ടെന്ന് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. 10 ദിവസം കഴിഞ്ഞതിനാൽ ഫോണിന് കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ സിം കാർഡിന് ഒന്നും സംഭവിച്ചിരുന്നില്ല. ഇത് മറ്റൊരു ഫോണിൽ ഇട്ട് പരിശോധിച്ചപ്പോഴാണ് അഴുകിയ മൃതദേഹം റിയാസിന്റേതാണെന്ന് മനസിലായത്. മൃതദേഹത്തിൽ ഷൂവും ഉണ്ടായിരുന്നു.
ഓഗസ്റ്റ് 31ന് പുലർച്ചെ അഞ്ച് മണിക്കാണ് ചൂണ്ടയിടാനായി റിയാസ് വീട്ടിൽ നിന്നും പോയത്. രാവിലെ ഒമ്പത് മണിയായിട്ടും കാണാത്തതിനെ തുടർന്ന് സഹോദരൻ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടയിൽ കീഴൂർ ഹാർബറിൽ റിയാസിന്റെ സ്‌കൂടറും ചൂണ്ടയ്ക്ക് ഉപയോഗിക്കുന്ന അത്യാധുനിക സാധങ്ങൾ അടങ്ങിയ ബാഗും പ്രദേശവാസികൾ കണ്ടെത്തി പൊലീസിൽ വിവരം അറിയിച്ചിരുന്നു.
തുടർന്ന് മേൽപറമ്പ് പൊലീസും അഗ്നിരക്ഷാ സേനയും കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും പ്രദേശത്തെ മീൻപിടുത്ത തൊഴിലാളികളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല. പിന്നീട് കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലധികം കീഴൂർ കടലിൽ ഡൈവിംഗ് നടത്തിയെങ്കിലും റിയാസിനെ കണ്ടെത്താനായിരുന്നില്ല.
രണ്ട് ദിവസം നാവികസേനയും തിരച്ചിലിന്റെ ഭാഗമായി. ഇതിനിടയിൽ പയ്യോളിയിൽ നിന്നും മീൻ പിടിക്കാൻ പോയ തൊഴിലാളികൾ പുറംകടലിൽ ഒരു മൃതദേഹം കണ്ടുവെന്ന വിവരത്തെ തുടർന്ന് പയ്യോളി മുതൽ ബേപ്പൂർ വരെയും പൊന്നാനി മുതൽ ബേപ്പൂർ വരെയും രണ്ട് ദിവസങ്ങളിലായി മറൈൻ വകുപ്പിന്റെ ബോടിൽ പുറം കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഉറ്റവർ ദുഃഖഭാരത്തിൽ കഴിയുന്നതിനിടെയാണ് തൃശൂർ കൊടുങ്ങല്ലൂറിൽ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ ആകസ്മിക മരണം ചെമ്മനാടിനെ തീരാകണ്ണീരിലാഴ്ത്തി.
#Kerala #accident #expatriate #lastrites #tragedy #RIP #missingperson #found