city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tribute | മനസിൽ മായാ നറുപുഞ്ചിരിയായി 'കെ പി'

KP Kunhikannan: A Dedicated Leader of Kasaragod
Photo: Arranged

● കോൺഗ്രസ് നേതാവായും മുൻ എംഎൽഎയായും സജീവമായിരുന്നു
● കോൺഗ്രസ് പാർട്ടിയിൽ നിരവധി ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിച്ചു.
● ജില്ലയുടെ വികസനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു.

സൂപ്പി വാണിമേൽ 

(KasargodVartha) ഒരു ഡിസിസിക്ക് രണ്ട് പ്രസിഡണ്ടുമാർ ഉണ്ടാവുക, അതിൽ ഒരാൾ തെരഞ്ഞെടുപ്പിലൂടെയും മറ്റെയാൾ നേതൃദാനത്തിലൂടെയുമാവുക, കൂട്ടക്കൊലക്കേസ് പ്രതികളായ അരശതം പേരുടെ സംരക്ഷണവും കേസ് നടത്തിപ്പും തലയിൽ മുട്ടുക, ഗ്രൂപ്പ് രാഷ്ട്രീയ തലതൊട്ടപ്പന്മാർ തലങ്ങും വിലങ്ങും തടസങ്ങൾ സൃഷ്ടിക്കുക-ഏതൊരു കോൺഗ്രസുകാരനും പതറിപ്പോകാവുന്ന ഈ സാഹചര്യങ്ങൾ പുഞ്ചിയോടെ നേരിട്ട പയ്യന്നൂർ പ്രതിഭയായിരുന്നു വ്യാഴാഴ്ച പുലർച്ചെ അന്തരിച്ച കെ പി.കുഞ്ഞിക്കണ്ണൻ. 

Tribute

1984 മെയ് 24ന് കാസർകോട് ജില്ല രൂപവത്കരണം നിർവ്വഹിച്ച അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ ഭരണനിർവ്വഹണ സംവിധാനങ്ങൾക്കൊപ്പം അത്യുത്തര ജില്ലക്ക് സമർപ്പിച്ച പൊതുപ്രവർത്തകനായിരുന്നു പയ്യന്നൂർ സ്വദേശിയായ കെ.പി.കുഞ്ഞിക്കണ്ണൻ. മുകളിൽ ലീഡറും താഴെ ഐ ഗ്രൂപ്പ് അണികളും മനസിൽ ഈശ്വരനും ചുണ്ടിൽ പുഞ്ചിരിയുമായി വായനയിലൂടെ ആർജ്ജിച്ച സ്ഫുടഭാഷയുമായി അദ്ദേഹം വളരെ വേഗം കാസർകോടിന്റെ 'കെ.പി'യായി വളർന്നു. 

കോൺഗ്രസ് മത്സരിക്കാറുള്ള ഉദുമ, ഹൊസ്ദുർഗ്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ ആരെല്ലാം എന്ന് അന്തരീക്ഷത്തിലും പാർട്ടി ഇടനാഴികളിലും ഉയർന്ന വേളയിൽ കുമ്പളയിലെ റാലിയിൽ കെ.പി ഒരു പ്രഖ്യാപനം നടത്തി: 'സ്ഥാനാർഥികളെ സംബന്ധിച്ച് സ്വയം പ്രഖ്യാപനങ്ങൾ വേണ്ട, അതൊക്കെ നേതൃത്വം തീരുമാനിക്കും'. അത്രയും പറഞ്ഞ് അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന കെ.പി വേദിയിലെ ലീഡർക്ക് നേരെ നോക്കി. ആ മുഖം പ്രസന്നമായിരുന്നു. കുപ്പായം തുന്നിയവരെ കുപ്പയിൽ തള്ളി 1987ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.പി ഉദുമയിൽ യുഡിഎഫ് സ്ഥാനാർഥിയായി. 

സിപിഎം കുത്തക സീറ്റിൽ അദ്ദേഹം ജയിച്ചു കയറിയത് കൂടാതെ സിപിഐയുടെ സിറ്റിംഗ് സീറ്റായ ഹോസ്ദുർഗ് മണ്ഡലം കോൺഗ്രസിന്റെ എൻ മനോഹരൻ മാസ്റ്റർ പിടിച്ചെടുക്കുകയും ചെയ്തു. കാസർകോട് ജില്ലയിൽ എൽഡിഎഫ് സീറ്റ് തൃക്കരിപ്പൂർ മണ്ഡലത്തിൽ വിജയിച്ച ഇ.കെ.നായനാരിൽ ഒതുങ്ങിയ ചരിത്ര വിജയം. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ എ ഗ്രൂപ്പിലെ കരുത്തൻ മുൻ എംപിയും എഐസിസി അംഗവുമായിരുന്ന ഐ രാമറൈ കാസർകോട് ഡിസിസി അധ്യക്ഷനായിരിക്കെ കെ.കരുണാകരൻ കെ.പി.കുഞ്ഞിക്കണ്ണനെ ഡിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചു. 

രണ്ടു അധ്യക്ഷന്മാർ എന്ന അപൂർവ്വ പ്രതിഭാസം കെ.പിക്ക് ആർമാദിക്കാനുള്ള അവസരമായിരുന്നില്ല. ചീമേനിയിൽ സിപിഎം ഓഫീസിൽ തെരഞ്ഞെടുപ്പ് അവലോകനം നടത്തുകയായിരുന്ന അഞ്ച് സഖാക്കൾ കൊല്ലപ്പെട്ടു. പ്രതികൾ മുഴുവൻ കോൺഗ്രസ് പ്രവർത്തകർ. അവരുടെ സംരക്ഷണം, കേരളം ഉറ്റുനോക്കിയ കേസിന്റെ നടത്തിപ്പ് എന്നിവ വെല്ലുവിളിയായി. ഇതെല്ലാം തരണം ചെയ്യുന്നതിനിടെ വിദ്യാനഗറിൽ ദേശീയ പാതയോരത്ത് 'പ്രേതബാധ' കാരണം ഒഴിഞ്ഞു കിടന്ന വീട് ലീഡറുടെ മറ്റൊരു അടുത്ത അനുയായി പി.എ അഷ്റഫ് അലിയുടെ പിന്തുണയോടെ വിലക്ക് വാങ്ങി ഡിസിസി ഓഫീസാക്കി. 

ഗ്രാമയാത്ര നടത്തിയായിരുന്നു ഫണ്ട് സമാഹരണം. നിലവിൽ അത് കെ കരുണാകരൻ സ്മൃതിയോടെ ബഹുനില കെട്ടിടമായി ഉയർന്നു നിൽക്കുന്നു. മാധ്യമ പ്രവർത്തകരോടും കക്ഷി ഭേദമില്ലാതെ ജനങ്ങളോടും സൗമ്യമായി പെരുമാറുമായിരുന്നു കെ.പി. അനിഷ്ടങ്ങളോട് പ്രതികരിക്കാൻ വൃത്തിയുള്ള ഭാഷയും കരുതി. കാൻഫെഡ് പ്രവർത്തകൻ, കേരഫെഡ് ചെയർമാൻ, വൈദ്യുതി ബോർഡ് അംഗം, പറക്കളായി പി.എൻ പണിക്കർ സ്മാരക ആയുർവേദ ആശുപത്രി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിൽ കെ.പി ശ്രദ്ധേയനായി.

#KPKunhikannan #Kasaragod #Kerala #Congress #RIP #Tribute #Condolences

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia