കാസർകോടിൻ്റെ മരുമകനും കോഴിക്കോട് സ്വദേശിയുമായ യുവ ഡോക്ടർ യുകെയിൽ നിര്യാതനായി; നാട്ടിലേക്ക് മടങ്ങാനിരിക്കെ അന്ത്യം
● ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു
● ഐഎസ്എം മുൻ മണ്ഡലം പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു
കാസർകോട്: (KasargodVartha) കോഴിക്കോട് സ്വദേശിയും യുകെയിൽ യൂറോളജിസ്റ്റുമായ ഡോ. റാഷിം (39) ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് ലോ കോളജിനടുത്ത് താമസിക്കുന്ന ഡോ. ബഷീറിൻ്റെ മകനാണ്. യുകെയിലെ വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്ത് കാത്തിരിക്കെയാണ് അപ്രതീക്ഷിത മരണം.
രാത്രിയിൽ പതിവായി എഴുന്നേറ്റ് വെള്ളം കുടിക്കാറുള്ള അദ്ദേഹം ചൊവ്വാഴ്ച രാത്രിയിലും എഴുന്നേറ്റ് പോയിരുന്നു. എന്നാൽ തിരിച്ചു വരാത്തതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചു ചെന്നപ്പോൾ സോഫയിൽ വീണു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
കാസർകോട് കോട്ടിക്കുളത്തെ പള്ളിക്കുന്നിൽ ഡോ. ജാസിറിൻ്റെ സഹോദരി ജമീലയുടെയും ഉബൈദിൻ്റെയും മകൾ ഡോ. ഷിറിൻ ഉബൈദാണ് ഭാര്യ. മക്കൾ: മർയം (13 വയസ്സ്), ഹാറൂൺ (12 വയസ്സ്). ഡോ. റാഷിമിൻ്റെ സഹോദരനും ഡോ. ഷിറിൻ്റെ സഹോദരിയും ലണ്ടനിൽ ഡോക്ടർമാരാണ്.
ഹവ്വാ കോളജ് മാനേജിങ് ഡയറക്ടർ, പ്യുർഹാർട്സ് ട്രസ്റ്റി, പീസ് വാപ്പോളിത്താഴം ട്രഷറർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സാമൂഹ്യ സേവന രംഗത്തും സജീവമായിരുന്ന റാഷിം ഐഎസ്എം മുൻ മണ്ഡലം പ്രസിഡൻ്റ് കൂടിയായിരുന്നു. നാട്ടിലേക്കുള്ള യാത്രയ്ക്കായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.
റാഷിമിൻ്റെ നാട്ടിലേക്കുള്ള വരവും കാത്ത് കുടുംബം ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ദുരന്തവാർത്ത എത്തിയത്. കോഴിക്കോടുള്ള ഇവരുടെ വീട് വൃത്തിയാക്കുന്നതിനായി പോയ ഭാര്യാപിതാവ് ഉബൈദും മാതാവ് ജമീലയും മടങ്ങാനിരിക്കെയാണ് മരണവാർത്ത അവരെ തേടിയെത്തിയത്. മൃതദേഹം ഇപ്പോൾ യുകെയിലാണ് ഉള്ളതെന്നും മയ്യത്ത് നിസ്കാരവും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
ഈ കണ്ണീർ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Dr. Rashim (39), a Kozhikode native urologist in the UK and son-in-law of a Kasaragod family, passed away due to cardiac arrest in the UK.
#DrRashim #UKMalayali #KozhikodeNews #KeralaNews #Kasaragod #MalayaliDeath #ISMKozhikode #AparnaNews






