Obituary | കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി ഇനിയില്ല; പുഷ്പൻ വിടവാങ്ങി
● 1994-ലെ കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റു
● മൂന്ന് പതിറ്റാണ്ടോളം കിടപ്പിലായിരുന്നു
● കേരളത്തെ നടുക്കിയ സംഭവമായിരുന്നു കൂത്തുപറമ്പ് വെടിവെപ്പ്
കണ്ണൂർ: (KasargodVartha) കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പൻ (54) വിടവാങ്ങി. ശനിയാഴ്ച വൈകീട്ട് 3.30 മണിയോടെ കോഴിക്കോട്ടെ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഓഗസ്റ്റ് രണ്ടിനാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
1994 നവംബർ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ വെടിയേറ്റ് ശരീരം തളർന്ന വ്യക്തിയാണ് പുഷ്പൻ. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് വിടവാങ്ങൽ. മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പന് പരുക്കേറ്റത്.
കെ കെ രാജീവൻ, കെ വി റോഷൻ, ഷിബുലാല്‍, ബാബു, മധു എന്നിവർ അന്ന് കൊല്ലപ്പെട്ടു. ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പൻ പാർടിയുടെ സമ്മേളനങ്ങളിൽ പലവട്ടമെത്തി. ബാലസംഘത്തിലൂടെയാണ് അദ്ദേഹം സിപിഎമിലെത്തിയത്. നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. സ്‌കൂളില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം നിര്‍ത്തി പല ജോലികൾ ചെയ്തു.
കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടി - ലക്ഷ്മി ദമ്പതികളുടെ മകനാണ് പുഷ്പൻ. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി).
#KoothuparambaFiring #KeralaNews #DYFI #RIP #SocialActivist #PoliticalViolence