Obituary | കാസർകോട് സ്വദേശിയായ യുവാവ് ദുബൈയിൽ മരിച്ചു; മരണം ക്രികറ്റ് കളിക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിന് പിന്നാലെ
* മരണം സുഹൃത്തുക്കളേയും ബന്ധുക്കളേയും ദുഃഖത്തിലാഴ്ത്തി
ദുബൈ: (KasargodVartha) ക്രികറ്റ് കളിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. പള്ളം സ്വദേശിയും മുംബൈയിൽ താമസക്കാരനുമായ ജാവിദ് ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി കൂട്ടുകാർക്കൊപ്പം ക്രികറ്റ് കളിക്കുന്നതിനിടയിലാണ് ജാവിദിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ കൂടെയുള്ളവർ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് നിഗമനം.
വിവരം അറിഞ്ഞ് ജാവിദിന്റെ പിതാവും അമേരികയിൽ താമസിക്കുന്ന സഹോദരിയും ദുബൈയിലേക്ക് പുറപ്പെട്ടു. അവർ എത്തിയ ശേഷം ഖബറടക്ക ചടങ്ങുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. ജാവിദിന്റെ മരണം സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നിരവധി പേരെ ദുഃഖത്തിലാഴ്ത്തി.
പള്ളത്തെ അബ്ദുല്ല - സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ ഹൈദരാബാദ് സ്വദേശിനിയായ ഹർസിയ്യ. ദമ്പതികൾക്ക് മക്കളില്ല. സഹോദരിമാർ: മുനവ്വിറ, മുർശിദ.






