Mystery | സൈനികൻ്റെ മരണം നാടിന് തേങ്ങലായി; മരണ കാരണമറിയാതെ ഉറ്റവർ
● കുണ്ടംകുഴി കച്ചിയടുക്കം കൊല്ലരങ്കോട്ട് സ്വദേശിയാണ് ശോഭിത്ത്.
● ഏതാനും മാസങ്ങൾക്ക് മുമ്പ് കാൽമുട്ടിന് പരുക്കേറ്റിരുന്നു.
● ശസ്ത്രക്രിയയ്ക്ക് ശേഷം സേനയിൽ തിരിച്ചെത്തി.
കാസര്‍കോട്: (KasargodVartha) കുണ്ടംകുഴി സ്വദേശിയായ സൈനികനെ മധ്യപ്രദേശ് ഭോപ്പാലിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കണ്ണീരോടെ നാട്. കുണ്ടംകുഴി കച്ചിയടുക്കം കൊല്ലരങ്കോട്ടെ ശോഭിത്ത് കുമാർ (35) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ശോഭിത്തിന്റെ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഫുട്ബോൾ കളിക്കുന്നതിനിടയിൽ കാൽമുട്ടിന് പരുക്കേറ്റ ശോഭിത്ത് സൈനിക ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും സൈനിക ആശുപത്രിയിൽ നടത്താതെ നാട്ടിൽ വന്നാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിന് പിന്നാലെ 10 ദിവസത്തിനകം തന്നെ യുവാവിനെ കാംപിലേക്ക് തിരിച്ചുവിളിച്ചതായും പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണമാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും സംശയിക്കുന്നത്. ശോഭിത്തിന് കാംപിൽ മേലധികാരികളുടെ മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന സംശയവും ഇവർ ഉന്നയിക്കുന്നു. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊല്ലരങ്കോട്ടെ നാരായണൻ - ശാന്ത ദമ്പതികളുടെ മകനാണ് ശോഭിത്ത്. ഭാര്യ: രേഷ്മ. മൂന്നുവസയുള്ള കുട്ടിയുണ്ട്. ഏകസഹോദരി സജന.
#Kasargod #SoldierDeath #RIP #JusticeForShobith #InvestigationNeeded #KeralaNews