കാസര്‍കോട് സ്വദേശിയായ ഹോട്ടല്‍ വ്യവസായി മുംബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
May 2, 2020, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 02.05.2020) കാസര്‍കോട് സ്വദേശിയായ ഹോട്ടല്‍ വ്യവസായി മുംബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള ബംബ്രാണയിലെ കെ എസ് ഖാലിദ് ബംബ്രാണ (55) ആണ് മുബൈയിലെ സെന്‍ജോര്‍ജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. രണ്ട് ദിവസം മുമ്പ് പനിയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
പിന്നീട് വീട്ടിലെത്തിയെങ്കിലും നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്.
മുംബൈ അഖില കാസര്‍കോട് മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ മെമ്പറും മുംബൈ കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ മെമ്പറും സാമൂഹ്യ സേവന രംഗത്ത് നിറ സാന്നിധ്യവുമായിരുന്നു കെ എസ് ഖാലിദ്. ഷയ്ഖ് ആലി-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷമീമ (മുംബൈ), മക്കള്‍: ഷഹബാദ്, ഷാഹിദ്. മരുമക്കള്‍: ഷബാ, ഹുദ (ഇരുവരും മുബൈ). സഹോദരങ്ങള്‍: അബ്ദുല്ല, ഫഹദ്, ഫിറോസ്, നഫീസ, സുഹറ, ഹാജിറ, അസ്മ, ഷഹിദ, താഹിറ, സുബൈദ. മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
25 വഷത്തിലധികമായി മുംബൈയില്‍ തന്നെയാണ്. ഇടയ്ക്കിടെ നാട്ടില്‍ വരാറുണ്ട്.
Keywords: Kasaragod, news, Kerala, Death, Obituary, Cardiac Attack, hospital, Mumbai, Test, House, Kasargod native died in mumbai due to cardiac arrest