Obituary | ഉമ്മയുടെ ഖബറടക്ക ചടങ്ങുകൾക്ക് ശേഷം തിരികെയെത്തിയ കാസർകോട് സ്വദേശിയായ യുവാവ് അബുദബിയിൽ കുഴഞ്ഞുവീണ് മരിച്ചു
● അബുദബിയിൽ വ്യാപാരിയായിരുന്നു
● ഉമ്മ രണ്ടാഴ്ച മുമ്പ് മരണപ്പെട്ടു
അബുദബി: (KasargodVartha) ഉമ്മയുടെ ഖബറടക്ക ചടങ്ങുകൾ കഴിഞ്ഞ് യുഎഇയിൽ തിരികെയെത്തിയ കാസർകോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്ത് മഡിയനിലെ അബ്ദുൽ ഖാദർ - മൈമൂന ദമ്പതികളുടെ മകൻ എം പി ഇർശാദ് (36) ആണ് മരിച്ചത്.
അബുദബി നാദിസിയയിൽ പലചരക്ക് കട നടത്തിവരികയായിരുന്നു ഇർശാദ്. ഉമ്മ മൈമൂന നവംബർ ഏഴിനാണ് മരണപ്പെട്ടത്. തുടർന്ന് നാട്ടിൽ പോയി ഉമ്മയുടെ ഖബറടക്കവും മറ്റു ചടങ്ങുകളും കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ദിവസമാണ് ഇർശാദ് അബുദബിയിൽ മടങ്ങിയെത്തിയത്.
ബുധനാഴ്ച വൈകീട്ടോടെ കടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഉമ്മയുടെ മരണത്തിന് പിന്നാലെ മകനും വിടവാങ്ങിയത് ഉറ്റവരെയെല്ലാം കണ്ണീരിലാഴ്ത്തി. ഭാര്യ: അമീറ പാറപ്പള്ളി. മക്കൾ: മുഹമ്മദ് സയാൻ (മൂന്ന് വയസ്), ആഇശത് അജ് വ (അഞ്ച് വയസ്).
നടപടികൾ പൂർത്തിയാക്കി മൃതദേഹം അബുദബിയിൽ നിന്ന് മംഗ്ളൂറു വിമാനത്താവളം വഴി വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോട് കൂടി മാണിക്കോത്തെ വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം ബനിയാസിലെ മോർചറിക്ക് സമീപത്തെ പള്ളിയിൽ മയ്യിത്ത് നിസ്കാരവും നടക്കും.
#Kasaragod #UAE #IndianExpat #RIP #condolences #tragedy