നീറ്റ് പരിശീലനത്തിന് പാലായിലേക്ക് പോയ കാസർകോട് സ്വദേശിനിയായ വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
● പൂച്ചക്കാട് മുക്കൂട് പൊക്കണംമൂലയിലെ ഐജ ആർ മഹേഷ് ആണ് മരിച്ചത്
● നീറ്റ് പരീക്ഷാ തയ്യാറെടുപ്പുകൾക്കായി 2026 മേയ് 26-നാണ് വിദ്യാർത്ഥിനി പാലായിൽ എത്തിയത്
● കഠിനമായ പഠനഭാരവും മാനസിക സമ്മർദ്ദവും കുട്ടി രക്ഷിതാക്കളെ ഫോണിൽ അറിയിച്ചിരുന്നതായി ബന്ധുക്കൾ
● പിതാവ് മഹേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് കേസെടുത്തു
● കോട്ടയത്ത് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും
ബേക്കൽ: (KasargodVartha) പാലായിലെ ബ്രില്ല്യൻ്റ് സ്റ്റഡി സെൻ്ററിൽ നീറ്റ് പരീക്ഷയ്ക്കായുള്ള തുടർപരിശീലനത്തിന് പോയ കാസർകോട് സ്വദേശിനിയായ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
പൂച്ചക്കാട് മുക്കൂട് കിഴക്കേക്കര പൊക്കണംമൂലയിൽ കാദംബരി ഹൗസിൽ മഹേഷ്-രാധിക ദമ്പതികളുടെ മകൾ ഐജ ആർ മഹേഷ് (18) ആണ് മരിച്ചത്.
ചേർപ്പുങ്കലിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനിയെ ചൊവ്വാഴ്ച (02.06.2026) ഉച്ചയ്ക്ക് 12.45-ഓടെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ സഹപാഠികൾ കണ്ടെത്തിയെന്നാണ് വിവരം. ഹോസ്റ്റൽ അധികൃതർ കുട്ടിയെ താഴെയിറക്കി ആദ്യം അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച (03.06.2026) ഉച്ചയ്ക്ക് 12.36-ഓടെ മരണത്തിന് കീഴടങ്ങിയെന്ന് കോട്ടയം കിടങ്ങൂർ പോലീസ് പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഫലം റദ്ദാക്കിയ നീറ്റ് പരീക്ഷ വീണ്ടും നടക്കാനിരിക്കെ പരീക്ഷാ തയ്യാറെടുപ്പിനായാണ് 2026 മേയ് 26-ന് വിദ്യാർഥിനി പാലായിലെ പരിശീലന കേന്ദ്രത്തിൽ എത്തിയത്. കഠിനമായ പഠനക്രമവും പരിശീലനവും മൂലം മാനസിക സമ്മർദത്തിലായിരുന്ന കുട്ടി പഠനം തുടരുന്നതിലെ ബുദ്ധിമുട്ടുകൾ രക്ഷിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
വിവരം അറിഞ്ഞ് രക്ഷിതാക്കൾ ആശുപത്രിയിലെത്തിയിരുന്നു. പിതാവ് മഹേഷ് കുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
ശ്രദ്ധിക്കുക: സ്വയം ജീവനെടുക്കുന്നത് ഒരു പരിഹാരമല്ല. മാനസിക സമ്മർദമോ നിരാശയോ അനുഭവപ്പെടുന്നവർ സഹായം തേടണം. ദിശ ഹെൽപ്പ്‌ലൈൻ: 1056 / 0471-2552056 ടെലിമാനസ്: 14416
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: An 18-year-old NEET aspirant from Kasaragod was found dead under unnatural circumstances in her hostel room in Pala, Kottayam, prompting a police investigation.
#KasaragodNews #KottayamNews #NEETAspirant #KeralaPolice #UnnaturalDeath #LocalNews #RenuNews






