കളിക്കുന്നതിനിടെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസുകാരന് ദാരുണാന്ത്യം
● മുഹമ്മദ് ഹയാൻ ഷാസിം ആണ് മരിച്ചത്.
● പന്തെടുക്കാൻ പോയപ്പോഴാണ് കുട്ടി അബദ്ധത്തിൽ കുഴിയിൽ വീണത്.
● സെപ്റ്റിക് ടാങ്ക് നിർമാണത്തിനായി എടുത്ത വെള്ളം നിറഞ്ഞ കുഴിയായിരുന്നു ഇത്.
● കുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുഴിയിൽ നിന്ന് കണ്ടെത്തിയത്.
● കാസർകോട്ടെ കെയർവെൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കാസർകോട്: (KasargodVartha) കളിക്കുന്നതിനിടെ പന്തെടുക്കാൻ പോയ ആറുവയസുകാരൻ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിച്ചു. മധൂർ ഷിറിബാഗിലിലെ മുഹമ്മദ് സാജിദ്-ആമിന ദമ്പതികളുടെ മകൻ മുഹമ്മദ് ഹയാൻ ഷാസിം (6) ആണ് മരിച്ചത്. ശനിയാഴ്ച ( ജൂൺ 6) വൈകുന്നേരം 6.30-ഓടെയാണ് നാടിനെ നടുക്കിയ ഈ ദാരുണാപകടം നടന്നത്.
സംഭവം ഇങ്ങനെ
വീടിന് സമീപം മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ മുഹമ്മദ് ഹയാൻ്റെ പന്ത് തെറിച്ചുപോവുകയായിരുന്നു. പന്തെടുക്കാനായി ഓടിപ്പോയ കുട്ടി, സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സെപ്റ്റിക് ടാങ്ക് നിർമാണത്തിനായി എടുത്ത വെള്ളം നിറഞ്ഞ കുഴിയിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളം നിറഞ്ഞ കുഴിയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
ഉടൻ തന്നെ കാസർകോട്ടെ കെയർവെൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മരണാനന്തര നടപടികൾക്കായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി നടന്ന ഈ വിയോഗത്തിൽ നാട് ഒന്നടങ്കം ദുഃഖത്തിലാണ്.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: 6-year-old Muhammed Hayan Shasim from Madhur Shiribagil in Kasaragod tragically drowned after falling into a water-filled pit meant for a septic tank while trying to retrieve a ball he was playing with.
#Kasaragod #Tragedy #ChildDeath #MalayalamNews #KeralaNews #MadhurShiribagil #AccidentNews






