കാസർകോട് 24 മണിക്കൂറിനിടെ മൂന്ന് വാഹനാപകടങ്ങൾ; ഉദുമയിൽ നിന്നുള്ള മൂന്ന് പേരുൾപ്പെടെ നാല് മരണം
● മരിച്ച നാല് പേരും ഇരുചക്ര വാഹന യാത്രക്കാരാണ്.
● ഉദുമ സ്വദേശികളായ മൂന്ന് പേരുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
● ദേശീയപാതയിലെയും കെഎസ്ടിപി റോഡിലെയും അപകടങ്ങൾ വർദ്ധിക്കുന്നു.
● അമിതവേഗതയും അശ്രദ്ധയും റോഡിലെ മരണപ്പേടി വർദ്ധിപ്പിക്കുന്നു.
കാസർകോട്: (KasargodVartha) 24 മണിക്കൂറിനിടെ നടന്ന മൂന്ന് വാഹനാപകടങ്ങളിലായി നാല് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത്. മരിച്ച മൂന്ന് പേർ ഉദുമ സ്വദേശികളാണെന്നത് പ്രദേശത്തെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരിച്ച നാല് പേരും ഇരുചക്ര വാഹന യാത്രക്കാരാണെന്നതാണ് മറ്റൊരു സവിശേഷത.
ഷിറിയയിൽ സ്കൂട്ടർ അപകടം
കുമ്പള ഷിറിയ പാലത്തിന് സമീപം ദേശീയപാതയിൽ തിങ്കളാഴ്ച വൈകുന്നേരം 5.15-ഓടെയാണ് ആദ്യ അപകടം നടന്നത്. ഉദുമ ദൊഡ്ഡിപള്ളിക്ക് സമീപത്തെ തെങ്ങുകയറ്റ തൊഴിലാളിയായ മണിയുടെയും രജനിയുടെയും മകൻ പ്രജേഷ് (28), നീലേശ്വരത്തെ മോഹനൻ്റെയും മാങ്ങാട്ടെ മോഹിനിയുടെയും മകൻ മിഥുൻ എന്ന അമീൻ (31) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് ദേശീയപാത 66-ലെ ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു.
പ്രജേഷ് സംഭവസ്ഥലത്ത് വെച്ചും അമീൻ മംഗ്ളൂരിൽ ആശുപത്രിയിലുമാണ് മരിച്ചത്. കരിപ്പൊടി പള്ളി പരിസരത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും നാട്ടുകാരുമടക്കം വൻ ജനാവലി അന്തിമോപചാരം അർപ്പിച്ചു.
നായൻമാർമൂലയിൽ ലോറിയിടിച്ച് മരണം
ഷിറിയയിലെ അപകടത്തിൻ്റെ ഞെട്ടൽ മാറും മുൻപേയാണ് തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ ദേശീയ പാതയിൽ നായൻമാർമൂലയിൽ മീൻ ലോറി സ്‌കൂട്ടറിലിടിച്ച് യുവ വ്യാപാരി മരിച്ചത്. ചെർക്കള പാടിയിൽ വളം വ്യാപാരം നടത്തി വരികയായിരുന്ന ആലമ്പാടി സ്വദേശിയായ റഫീഖ് (45) ആണ് മരിച്ചത്.
'ബൂട്ടിച്ചൻ്റെ റാപ്പി' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കാസർകോട് ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ ലോറിയാണ് റഫീഖ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിച്ചത്. ദേശീയപാതയിലെ ഹിൽടോപ്പ് അരീനയ്ക്ക് എതിർവശത്താണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാനുള്ള ശ്രമത്തിനിടെ അമിതവേഗത്തിലെത്തിയ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഉദുമയിൽ കോൺക്രീറ്റ് മേസ്ത്രിക്ക് ദാരുണാന്ത്യം
ചൊവ്വാഴ്ച രാവിലെ കാസർകോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിൽ ഉദുമ പള്ളത്ത് വെച്ചാണ് ഒടുവിലത്തെ അപകടമുണ്ടായത്. ഉദുമ കണ്ണിക്കുളങ്ങരയിലെ കോൺക്രീറ്റ് മേസ്ത്രി വെണ്ണീർ കുഞ്ഞിരാമൻ (62) ആണ് മരിച്ചത്. കുഞ്ഞിരാമൻ ഓടിച്ചിരുന്ന ബൈക്കിന് പിന്നിൽ നിന്ന് അതേ ദിശയിൽ വന്ന ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ചതെന്ന് പോലീസ് അറിയിച്ചു.
പരേതരായ ചോയിയുടെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: സുമതി. മക്കൾ: രാഹുൽ (ബംഗളൂരു), അർജുൻ (ഗൾഫ്), അഭിരാം (വിദ്യാർത്ഥി). മരുമക്കൾ: കാവ്യ, സംഗീത. സുധാകരൻ, ലക്ഷ്മി, സരോജിനി, ഗീത, കുഞ്ഞിക്കണ്ണൻ എന്നിവർ സഹോദരങ്ങളാണ്.
ദേശീയ പാതയിലും സംസ്ഥാന പാതയിലും അപകടങ്ങൾ തുടർക്കഥയാകുമ്പോഴും വാഹനങ്ങളുടെ അമിത വേഗത തടയുന്നതിന് മോട്ടോർ വാഹന വകുപ്പിനോ പോലീസിനോ കഴിഞ്ഞിട്ടില്ല. അശ്രദ്ധയോടെയുള്ള വാഹനങ്ങളുടെ പാച്ചിലാണ് മിക്ക അപകടങ്ങൾക്കും കാരണം.
ഇരുചക്ര വാഹന യാത്രക്കാർ അമിത വേഗതയിൽ വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ച് കടക്കുന്നതും വലിയ വാഹനങ്ങൾ ഇവരെ പരിഗണിക്കാത്തതുമാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണം.
വാഹന യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: Four people, including three from Udma, lost their lives in three separate two-wheeler accidents across Kasaragod district within a span of 24 hours, highlighting concerns over reckless driving and speeding vehicles on state and national highways.
#KasaragodAccident #UdmaNews #KeralaRoadSafety #TrafficAccidents #MalayalamNews #RoadAccidentKerala #AparnaNews






