ഒരു ഞായറാഴ്ച രണ്ട് ദുരന്തങ്ങൾ: കണ്ണൂരിനെ തേങ്ങലിലാഴ്ത്തി യുവമരണങ്ങൾ
● പള്ളിക്കുന്നിൽ കുളത്തിൽ മുങ്ങി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു.
● മംഗളൂരു സ്വദേശിയായ അസ്തിക് രാഘവാണ് മരിച്ചത്.
● അസ്തിക് സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു.
● രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടങ്ങി.
കണ്ണൂർ: (KasargodVartha) നഗരത്തിന് നടുക്കമുണ്ടാക്കി കറുത്ത ഞായറാഴ്ചയായി രണ്ട് യുവജീവിതങ്ങളുടെ അപകട മരണം. നാളെയുടെ പ്രതീക്ഷകളായിരുന്ന രണ്ട് വിദ്യാർത്ഥികളെയാണ് ഞായറാഴ്ച കണ്ണൂരിന് നഷ്ടമായത്.
കണ്ണൂർ നഗരത്തിലെ താണയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ സ്കൂട്ടർ യാത്രികനായ 19 വയസ്സുകാരൻ ദേവനന്ദ് അതിദാരുണമായി മരിച്ചു. കണ്ണോത്തുംചാൽ ഫോറസ്റ്റ് ഓഫീസ് ജങ്ഷനു സമീപം താമസിക്കുന്ന ശ്രീജു-ഷജിന ദമ്പതികളുടെ മകനാണ് ദേവനന്ദ്.
പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിച്ച ബസ് ദേവനന്ദിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ താണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാം ക്ലാസ് വിദ്യാർത്ഥിയായ ഗൗതം ദേവനന്ദിന്റെ ഏക സഹോദരനാണ്.
മറ്റൊരു ദാരുണ സംഭവത്തിൽ, കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിൽ കുളത്തിൽ മുങ്ങി മംഗളൂരു സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മരണപ്പെട്ടു. സുള്ള്യ സ്വദേശിയായ അസ്തിക് രാഘവ് (19) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അപകടം.
പള്ളിക്കുന്ന് തയ്യിലെ കുളത്തിൽ നീന്തുന്നതിനിടെയാണ് അസ്തിക് മുങ്ങിമരിച്ചത്. മംഗളൂരു ദേർളകട്ട എ ബി ഷെട്ടി കോളേജിൽ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയാണ് അസ്തിക് രാഘവ്. കൊറ്റാളിയിലെ സഹപാഠിയുടെ വീട്ടിൽ എത്തിയതായിരുന്നു അസ്തിക്. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞ് കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി കുളത്തിൽനിന്ന് പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂരിനെ ദുഃഖത്തിലാഴ്ത്തിയ ഈ സംഭവങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Two young lives tragically lost in Kannur on Sunday.
#Kannur #Tragedy #RoadSafety #Drowning #YouthLives #KeralaNews






