കാഞ്ഞങ്ങാട്ട് കാണാതായ ഐ ടി എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി
● സൗത്ത് മാതോത്ത് സ്വദേശി പ്രണവാണ് മരിച്ചത്.
● ഒക്ടോബർ രണ്ടിന് വ്യാഴാഴ്ചയാണ് കാണാതായത്.
● മൃതദേഹം തൃക്കണ്ണാട് കടപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്.
● യാത്ര പറഞ്ഞുള്ള ഒരു കുറിപ്പ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചിരുന്നതായി പോലീസ് പറഞ്ഞു.
കാഞ്ഞങ്ങാട്: (KasargodVartha) കഴിഞ്ഞ ദിവസം കാണാതായ യുവ ഐ.ടി. എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് മാതോത്ത് അമ്പലത്തിന് സമീപം താമസിക്കുന്ന പ്രണവിന്‍റെ (33) മൃതദേഹമാണ് ശനിയാഴ്ച (ഒക്ടോബർ 4, 2025) തൃക്കണ്ണാട് കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. ഒക്ടോബർ രണ്ടിന് വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് പ്രണവിനെ കാണാതായത്.
സംഭവത്തില്‍ പിതാവ് യു കെ ജയപ്രകാശിൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് മാൻ മിസ്സിംഗിന് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ വലിയൊരു വഴിത്തിരിവെന്ന നിലയിൽ യുവാവിൻ്റെ ചെരിപ്പും മൊബൈൽ ഫോണും ബേക്കൽ കോട്ടയിലെ പാറപ്പുറത്തുനിന്ന് വെള്ളിയാഴ്ച (ഒക്ടോബർ 3, 2025) കണ്ടെത്തി. ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പോലീസ് ഇത് കണ്ടെത്തിയത്.
ചെരിപ്പും മൊബൈൽ ഫോണും കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ കടലിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് തൃക്കണ്ണാട് കടപ്പുറത്തുനിന്ന് പ്രണവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കാണാതാവുന്നതിന് മുൻപ് യാത്ര പറഞ്ഞു കൊണ്ടുള്ള കുറിപ്പ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പ്രണവ് അയച്ചുകൊടുത്തിരുന്നതായി പോലീസ് പറഞ്ഞു. ഇംഗ്ലീഷിലെഴുതിയ കുറിപ്പും പോലീസിന് ലഭിച്ചിരുന്നു.
വർക്ക് അറ്റ് ഹോം ആയാണ് യുവാവ് ജോലി ചെയ്തിരുന്നത്. പ്രണവിൻ്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ അജിത്ത് കുമാർ, സബ് ഇൻസ്പെക്ടർ സി.വി. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടന്നത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Young IT engineer Pranav from Kanhangad, who went missing, was found dead on Trikkannad beach.
#Kanhangad #ITEngineer #FoundDead #ManMissing #Pranav #Kasargod






