Tragedy | മാര്‍ബിള്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശ മുഖത്ത് വീണ് 3 മാസം പ്രായമായ കുഞ്ഞ് മരിച്ചു
● വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു അപകടം.
● മുഖത്തുനിന്നും പശ തുടച്ച് മാറ്റി കഴുകിയിരുന്നു.
● രാത്രിയോടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.
● അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം.
ചെറുവത്തൂര്‍: (KasargodVartha) മാര്‍ബിളില്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശ മുഖത്ത് വീണ് മൂന്ന് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം യൂനിറ്റി ആശുപത്രിക്ക് അടുത്ത് വാടകയ്ക്ക് താമസിക്കുന്ന രാജസ്താന്‍ സ്വദേശി ധരംസിംഗിന്റെ ആണ്‍കുഞ്ഞാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു അപകടം സംഭവിച്ചത്. മാര്‍ബിള്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശ അബദ്ധത്തില്‍ കുഞ്ഞിന്റെ കയ്യില്‍ നിന്നും മുഖത്തേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവം കണ്ട് മാതാവ് ഓടിയെത്തി കുട്ടിയുടെ മുഖത്തുനിന്നും പശ തുടച്ച് മാറ്റി കഴുകി പാല് കൊടുത്ത് കിടത്തി ഉറക്കി. പിന്നീട് രാത്രിയോടെ കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവ് മാര്‍ബില്‍ ജോലിക്കാരനാണ്. ജോലിയുടെ ആവശ്യാര്‍ഥം ആണ് വീട്ടില്‍ പശ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#babydeath #accident #Kerala #childsafety #tragedy