ഒരു വിരലില്‍ ഒരു മണിക്കൂര്‍ നേരം പുസ്തകം കറക്കി റെക്കോര്‍ഡ് നേടിയ പ്രതിഭ വീട്ടില്‍ മരിച്ച നിലയിൽ
● പടന്നക്കാട് നെഹ്റു കോളേജ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു.
● ഗിന്നസ് റെക്കോർഡിനായി കാത്തിരിക്കുകയായിരുന്നു.
● എസ്എഫ്ഐ നെഹ്റു കോളേജ് യൂണിറ്റ് വൈസ് പ്രസിഡണ്ടായിരുന്നു.
● ഹോസ്ദുർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കാഞ്ഞങ്ങാട്: (KasargodVartha) ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ യുവപ്രതിഭയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്റു കോളേജ് അവസാന വർഷ ബിരുദ വിദ്യാർഥിയും, പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡിലെ ശ്രീനിലയത്തിൽ താമസക്കാരനുമായ ശ്രീഹരിയാണ് (21) മരിച്ചത്. ഞായറാഴ്ച (07.09.2025) രാത്രി എട്ട് മണിയോടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വിരലിൽ ഒരു മണിക്കൂർ നേരം നിർത്താതെ പുസ്തകം കറക്കിയാണ് ശ്രീഹരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയത്. ദുർഗാ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തിന് ശേഷം ഗിന്നസ് റെക്കോർഡിനായുള്ള ശ്രമത്തിലായിരുന്നു ശ്രീഹരി. കലാരംഗത്തും മികച്ച പ്രതിഭയായിരുന്ന ഈ ചെറുപ്പക്കാരൻ്റെ അപ്രതീക്ഷിത വേർപാട് നാടിനെയാകെ നടുക്കത്തിലാഴ്ത്തി.
എസ്എഫ്ഐ നെഹ്റു കോളേജ് യൂണിറ്റ് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീഹരിയുടെ നിര്യാണത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരുവളത്തെ പവിത്രൻ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ് ശ്രീഹരി. ശ്രീകുട്ടിയാണ് ഏക സഹോദരി.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
ഇത്തരം സാഹചര്യങ്ങളിൽ യുവതലമുറയ്ക്ക് എന്ത് പിന്തുണയാണ് നൽകാൻ കഴിയുക? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: India Book of Records holder Srihari found dead at his home.
#Kasaragod #IndiaBookOfRecords #Srihari #SFI #SuicidePrevention #KeralaNews






