ഹോംനേഴ്‌സ് രോഗിയെ പരിചരിക്കാനെത്തിയ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Nov 12, 2012, 17:00 IST
ബേക്കല്‍: പള്ളിക്കര തിരുവക്കോളിയിലെ ബേക്കറി വ്യാപാരിയുടെ വീട്ടില്‍ കണ്ണൂര്‍ സ്വദേശിനിയായ ഹോം നേഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചു. കണ്ണൂര്‍ ചെറുകുന്നിലെ നാണു ആചാരിയുടെ മകള്‍ പ്രിയ(32)യെയാണ് ഞായറാഴ്ച ഉച്ചയോടെ ബേക്കറി വ്യാപാരിയായ തിരുവക്കോളിയിലെ ലോഹിതാക്ഷന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോഹിതാക്ഷനും കുടുംബവും ഞായറാഴ്ച രാവിലെ തറവാട്ട് വീട്ടിലേക്ക് പോയിരുന്നു. തിരിച്ച് വന്നപ്പോഴാണ് വീട്ടിനകത്തെ കിടപ്പ് മുറിയില്‍ പ്രിയയെ തൂങ്ങി മരിച്ചതായി കണ്ടത്. വിവരമറിഞ്ഞെത്തിയ ബേക്കല്‍ എസ്‌ഐ ടി. ഉത്തംദാസിന്റെ നേത്വത്തിലുള്ള പോലീസ് സംഘം പ്രിയയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുകയും മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മൃതദേഹം പരിയാരത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തുവെങ്കിലും ഇതിന്റെ റിപോര്‍ട് ലഭിച്ചിട്ടില്ല. പോസ്റ്റുമോര്‍ടം റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് തുടരന്വേഷണം നടത്തും. ലോഹിതാക്ഷന്റെ ഭാര്യ മൂന്ന് വര്‍ഷത്തോളമായി ശരീരം തളര്‍ന്ന് കിടപ്പിലാണ്. ഭാര്യയെ ശുശ്രൂഷിക്കാനായി രണ്ട് വര്‍ഷം മുമ്പാണ് ലോഹിതാക്ഷന്‍ ഹോം നേഴ്‌സായ പ്രിയയെ കൊണ്ടുവന്നത്.
രണ്ട് മാസം കൂടുമ്പോള്‍ പ്രിയ സ്വന്തം വീട്ടിലേക്ക് പോകാറുണ്ട്. വിവാഹിതയാകാത്തത് ഉള്‍പ്പെടെ ചില മനോവിഷമങ്ങള്‍ പ്രിയയെ അലട്ടിയിരുന്നുവെങ്കിലും തൂങ്ങി മരിക്കാനുള്ള യഥാര്‍ത്ഥ കാരണം അറിയില്ലെന്ന് ലോഹിതാക്ഷന്‍ പോലീസിന് മൊഴി നല്‍കി. അതേ സമയം പ്രിയയുടെ മരണം ആത്മഹത്യയല്ലെന്നും മരണത്തില്‍ ചില സംശയങ്ങളുണ്ടെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Keywords: Home nurse, Found dead, Patient, House, Bekal, Police enquiry, Kasaragod, Kerala, Malayalam news