Sorrow | ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ വിടവാങ്ങിയത് മണിക്കൂറുകൾക്കകം കാസർകോട്ട് പ്രഭാഷണം നടത്താനിരിക്കെ; കണ്ണീരിലാഴ്ത്തി യുവപണ്ഡിതന്റെ ആകസ്‌മിക വിയോഗം

● ലളിതമായ ശൈലിയിൽ ഹൃദയസ്പർശിയായ പ്രഭാഷണങ്ങൾ നടത്തി ശ്രദ്ധേയൻ.
● കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
● കാസർകോടുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
കാസർകോട്: (KasargodVartha) പ്രമുഖ പണ്ഡിതനും മതപ്രഭാഷകനുമായ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ വിടവാങ്ങിയത് ഏവരെയും കണ്ണീരിലാഴ്ത്തി. കാസർകോട്ട് ഒരു പരിപാടിയിൽ മണിക്കൂറുകൾക്ക് ശേഷം പ്രഭാഷണം നടത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം. ബദിയഡുക്ക ബിർമിനടുക്ക ബദർ ജുമാ മസ്‌ജിദ് ജമാഅത് കമിറ്റിയുടെ ആഭിമുഖ്യത്തിൽ ഖുത്വബിയ്യത്ത് 35-ാം വാർഷികവും സ്വലാത്തിൻ്റെ 23-ാം വാർഷികവും മജിലിസുന്നൂറിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി പ്രഭാഷണം നടത്താനിരിക്കുകയായിരുന്നു അദ്ദേഹം.
തുടർന്ന് കാസർകോടിന്റെ സമീപ പ്രദേശങ്ങളിലും പ്രഭാഷണങ്ങൾ നടത്താൻ അദ്ദേഹം തയ്യാറെടുത്തിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കിഴിശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമെന്നാണ് പ്രാഥമിക സൂചന. തമിഴ് നാട് ഗൂഡല്ലൂർ സ്വദേശിയായ അദ്ദേഹം മലപ്പുറം കാവനൂരിനടുത്ത പുളിയക്കോട് മേൽമുറിയിലായിരുന്നു താമസം.
കാസർകോടുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കാസർകോട്ടെ മതപ്രഭാഷണ വേദികളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. ജില്ലയിലെ പണ്ഡിതന്മാരുമായും മറ്റും വലിയ ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അർത്ഥഗർഭമായ പ്രഭാഷണങ്ങളിലൂടെ പതിനായിരങ്ങളെ ആത്മീയതയിലേക്കും നന്മയിലേക്കും നയിച്ച മികച്ച പ്രാസംഗികനായിരുന്നു അദ്ദേഹം. സംസാരിക്കുന്ന വിഷയങ്ങളിലേക്ക് അറിയാതെ ജനമനസ്സിനെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

ഹാഫിസ് മസ്ഊദ് സഖാഫിയുടെ പ്രഭാഷണ ശൈലി വളരെ ലളിതവും ആകർഷകവുമായിരുന്നു. വിനയവും പുഞ്ചിരിയും നിറഞ്ഞ സംസാരം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്ക് ഒരു പ്രത്യേക ചൈതന്യം നൽകി. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക അടക്കം പല സംസ്ഥാനങ്ങളിലും അദ്ദേഹം പ്രഭാഷണവേദികളിൽ നിറഞ്ഞുനിന്നു. ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ വിട്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ഓർമകളും പ്രഭാഷണങ്ങളും എക്കാലവും ബാക്കിയാവുകയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Hafiz Masood Saqafi passed away unexpectedly before his speech in Kasaragod, leaving a lasting impact with his inspiring talks.
#Kasaragod, #HafizMasoodSaqafi, #Death, #InspirationalSpeaker, #Keralanews, #Religion