Accident | ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മരണപ്പെട്ടത് സെപ്റ്റംബർ 6ന് ഗൾഫിലേക്ക് തിരിച്ചുപോകാനിരിക്കെ; റോഡ് മോശമായത് കാരണം റൂട് മാറി സഞ്ചരിച്ചപ്പോൾ യാദൃശ്ചികമായി അപകടം
* ഉപ്പള സോങ്കാൽ സഫ്രീന മൻസിലിലെ അബ്ദുർ റഹ്‌മാന്റെ മകൻ അബൂബകർ മുബാശിര്‍ ആണ് മരിച്ചത്
ബദിയഡുക്ക: (KasargodVartha) കുമ്പള-മുള്ളേരിയ റൂടില്‍ സര്‍വീസ് നടത്തുന്ന ബസും കാറും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. ഉപ്പള സോങ്കാൽ സഫ്രീന മൻസിലിലെ അബ്ദുർ റഹ്‌മാന്റെ മകൻ അബൂബകർ മുബാശിര്‍ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ മാവിനക്കട്ടയിലാണ് അപകടമുണ്ടായത്. ദുബൈയിൽ ജോലി ചെയ്യുന്ന മുബാശിര്‍ സെപ്റ്റംബർ ആറിന് ഗൾഫിലേക്ക് തിരികെ പോകാനിരിക്കെയായിരുന്നു ദുരന്തം.
മുള്ളേരിയയില്‍ നിന്ന് കുമ്പളയിലേക്ക് പോവുകയായിരുന്ന ഗുരുവായൂരപ്പന്‍ ബസും ബദിയഡുക്കയില്‍ നിന്ന് മുള്ളേരിയ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ മുബാശിറിനെ ആദ്യം ചെങ്കളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്.
അപകടത്തിൽ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ് യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പല്ലിന്റെ ചികിത്സയ്ക്കായാണ് ഒരുമാസം മുമ്പ് മുബാശിർ നാട്ടിലേക്ക് വന്നത്. ബുധനാഴ്ച ഡോക്ടറെ കാണുന്നതിനായി കാസർകോട്ടേക്ക് പോകുംവഴിയായിരുന്നു അപകടം. ദേശീയപാതയിൽ പലയിടത്തും മോശം റോഡും ഗതാഗത കുരുക്കും കാരണമാണ് ഇതുവഴി സഞ്ചരിക്കാതെ മുബാശിർ ബദിയഡുക്ക - മുള്ളേരിയ വഴി യാത്ര തീരുമാനിച്ചത്. എന്നാൽ യാദൃശ്ചികമായി ദുരന്തം സംഭവിക്കുകയായിരുന്നു. യുവാവിന്റെ മരണം പ്രദേശത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തി.
#KeralaAccident #KasaragodNews #RoadSafety #RIP #GulfJob #IndianDiaspora