Accident | കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 നടിമാര്‍ മരിച്ച സംഭവം; അപകടത്തിന് ഇടയാക്കിയത് ഗൂഗിള്‍ മാപ് നോക്കി യാത്ര ചെയ്തതാണെന്ന് സൂചന
● 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
● 9 പേരെ പരുക്കുകളോടെ കണ്ണൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
● കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരം.
കണ്ണൂര്‍: (KasargodVartha) കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 നടിമാര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗൂഗിള്‍ മാപ് നോക്കിയുള്ള യാത്രയാണ് അപകടം സംഭവിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (Anjali-32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ (Jessy Mohan) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
രാത്രി കുന്നപ്പള്ളിയിലെ നാടകോത്സവത്തില്‍ പങ്കെടുത്ത് തിരിച്ച് പോകും വഴിയാണ് അപകടം. ബത്തേരിയിലേക്ക് പോകുന്ന വഴി മലയാംപടി എസ് വളവില്‍ വെച്ചാണ് വാഹനം അപകടത്തില്‍പെട്ടത്. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 9 പേരെ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവ കമ്യൂണികേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പെട്ടത്.
കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരുക്കേറ്റ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
#KannurAccident #GoogleMaps #navigationerror #busaccident #Kerala #drama troupe #safetyfirst