Accident: പീച്ചി ഡാം റിസര്‍വോയറില്‍ വീണ വിദ്യാര്‍ത്ഥിനി മരിച്ചു; 3 പെണ്‍കുട്ടികള്‍ ചികിത്സയില്‍

● ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിന് സുഹൃത്തിന്റെ വീട്ടില്‍ വന്നതായിരുന്നു.
● ചെരുപ്പ് വീണത് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
● ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടികളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
തൃശ്ശൂര്‍: (KasargodVartha) പീച്ചി ഡാം റിസര്‍വോയറിന്റെ കൈവഴിയില്‍ വെള്ളത്തില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തൃശൂര്‍ പട്ടിക്കാട് ചുങ്കത്ത് ഷാജന്‍-സിജി ദമ്പതികളുടെ മകള്‍ അലീന (16) ആണ് മരിച്ചത്. തൃശ്ശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
കൂടെ അപകടത്തില്‍പ്പെട്ട മറ്റ് മൂന്നു പേര്‍ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്. പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണി-സാലി ദമ്പതികളുടെ മകള്‍ നിമ (12), പട്ടിക്കാട് പാറാശേരി സജി-സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16), മുരിങ്ങത്ത് പറമ്പില്‍ ബിനോജ്-ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റ് കുട്ടികള്‍. ഗുരുതരാവസ്ഥയിലുള്ള ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയില്‍ തെക്കേക്കുളം ഭാഗത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 2.30നാണ് അപകടമുണ്ടായത്. പീച്ചി ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിന് സുഹൃത്തിന്റെ വീട്ടില്‍ വന്നതായിരുന്നു പെണ്‍കുട്ടികള്‍. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവര്‍. ഡാമിലെ ജലസംഭരണി കാണാന്‍ അഞ്ച് പേര്‍ ചേര്‍ന്നാണ് പുറപ്പെട്ടത്.
പാറപ്പുറത്തിരിക്കുന്നതിനിടെ ഡാം റിസര്‍വോയറില്‍ ചെരുപ്പ് വീണത് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. വെള്ളത്തില്‍ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ചേര്‍ന്ന് നാല് പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ 12.30ന് അലീന മരിച്ചു. കുട്ടികളെല്ലാം തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.
#PeechiDam #Thrissur #accident #drowning #tragedy #Kerala #school #students #RIP