Girija Bhai | വിട പറഞ്ഞത് സ്‌നേഹനിധിയായ അമ്മ; നഗരവാസികള്‍ക്ക് തീരാനഷ്ടം
Oct 29, 2022, 12:15 IST
കാസര്‍കോട്: (www.kasargodvartha.com) എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് കാണുന്നവരോടെല്ലാം കുശലം പറഞ്ഞ് സ്‌നേഹ വാത്സല്യങ്ങള്‍ കനിഞ്ഞ് നല്‍കിയ കാസര്‍കോട് നഗരവാസികൾ സ്‌നേഹത്തോടെ അമ്മേയെന്ന് വിളിക്കുന്ന ഗിരിജ ഭായുടെ വേർപാട് ഏവർക്കും നൊമ്പരമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് പ്രസ് ക്ലബിന് സമീപത്തെ വീട്ടില്‍ വെച്ചാണ് വ്യാഴാഴ്ച രാത്രി അന്ത്യം സംഭവിച്ചത്. കാസർകോട്ടെ പ്രശസ്തനായ ഫോടോഗ്രാഫർ ദിനേശ് ഇന്‍സൈറ്റിന്റെയും പ്ലംബറായ മനുവിന്റേയും മാതാവാണ് ഗിരിജ ഭായ്. ഇവരുടെ ഭർത്താവ് പരേതനായ മുകുന്ദനും ഏവർക്കും പ്രിയങ്കരനായിരുന്നു.
കാസര്‍കോട് പ്രസ് ക്ലബിലെത്തുന്ന മാധ്യമ പ്രവര്‍ത്തകരോടെല്ലാം ഉറ്റ ചങ്ങാത്തം സ്ഥാപിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു അവർ. പ്രസ് ക്ലബില്‍ വരുന്ന പ്രമുഖരെല്ലാം സമീപവാസിയായ ഗിരിജ ഭായിയുടെ സ്‌നേഹത്തിന്റെ വിലയറിഞ്ഞവരാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സിനിമാ താരം കാവ്യാ മാധവന്‍, വ്യവസായി ബോബി ചെമ്മണ്ണൂർ തുടങ്ങി പലരുമായും കുശല സംഭാഷണം നടത്താന്‍ ഭാഗ്യം ലഭിച്ച വീട്ടമ്മയാണ് ഗിരിജ ഭായ്.
മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഉമ്മൻചാണ്ടി ഒരിക്കൽ പ്രസ് ക്ലബിലെത്തി. പൈപിൽ ഉപ്പുവെള്ളം വരുന്നത് കാരണം പ്രദേശവാസികൾ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സമയമായിരുന്നു അത്. തൊട്ടടുത്ത വീട്ടിലുള്ള ഗിരിജാഭായി ഒരുകുടം വെള്ളവുമായി പ്രസ് ക്ലബിലെത്തി മുഖ്യമന്ത്രിയെ കാത്തിരുന്നു. മുഖ്യമന്ത്രി വാർത്താസമ്മേളനം കഴിഞ്ഞെത്തിയപ്പോൾ അദ്ദേഹത്തിന് മുന്നിൽ കുടിവെള്ളത്തിന്റെ ദയനീയ സ്ഥിതി അവർ വ്യക്തമാക്കി. പ്രശ്‍നത്തിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചതോടെ മുഖ്യമന്ത്രിയുടെ കൈ തന്റെ കവിളില്‍ വെച്ച് ഗിരിജ ഭായി സന്തോഷം പ്രകടിപ്പിച്ചതും തലയിൽ വെച്ച് ആശീർവദിച്ചതും ഹൃദ്യമായ കാഴ്ചയായിരുന്നു.
പ്രധാന ചടങ്ങുകള്‍ നടക്കുമ്പോള്‍ പരിചയക്കാര്‍ക്കെല്ലാം മധുരം നല്‍കി തന്റെ സ്‌നേഹം പങ്കിടാന്‍ എന്നും താല്‍പര്യം കാണിച്ച ഗിരിജ ഭായിയുടെ വേര്‍പാട് അവരെ നേരിട്ടറിയാവുന്നവര്‍ക്കെല്ലാം വേദനയായി.
മരണ വിവരം അറിഞ്ഞ് രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പെടെ നിരവധി പേരാണ് ഒരു നോക്ക് കാണാനായി ഇവരുടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
ഗിരിജാഭായി അടുത്തകാലത്തായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കാസര്‍കോട് നഗരത്തില്‍ നടന്നുവന്ന പല പരിപാടികളിലേയും ചടങ്ങുകളിലേയും പ്രിയപെട്ട മുഖമായിരുന്നു ഈ അമ്മ. ചടങ്ങുകളിൽ പലപ്പോഴും പാട്ടുപാടുകയും ചെയ്തിരുന്നു അവർ. പ്രസ് ക്ലബിൽ അടുത്തിടെ നടന്ന ഓണാഘോഷ ചടങ്ങിലും മാധ്യമ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും അവരുടെ മനോഹരമായ പാട്ട് കേൾക്കാനുള്ള ഭാഗ്യമുണ്ടായി. വാർധക്യത്തിലും പാട്ടുകളുടെ വരികൾ അമ്മയ്ക്ക് മനഃപാഠമായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ നുള്ളിപ്പാടിയിലെ പൊതു ശ്‌മശാനത്തിൽ നടന്ന സംസ്‌കാര ചടങ്ങിനും നിരവധി പേര്‍ എത്തിയിരുന്നു.
കാസർകോട് വാർത്തയുമായും ഗിരിജ ഭായി നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. കാസർകോട് വാർത്ത സംഘടിപ്പിച്ച ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിൽ മുഖ്യാതിഥി ആയിരുന്നു അവർ. തൈകൾ നട്ട് വരും തലമുറയ്ക്കും ഭൂമി കാത്ത് വെക്കണമെന്ന സന്ദേശവുമായി വയോധികയായ അവർ ചടങ്ങിൽ സംബന്ധിച്ചത് അവിസ്മരണീയ അനുഭവമായിരുന്നു. അമ്മയുടെ വേർപാടിൽ കാസർകോട് വാർത്ത ദുഃഖം രേഖപ്പെടുത്തുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Obituary, Death, Natives, Girija Bhai is no more.