city-gold-ad-for-blogger

സ്വാതന്ത്ര്യസമര സേനാനി പി കെ മാധവന്‍ നമ്പ്യാര്‍ അന്തരിച്ചു

കാസര്‍കോട്: (www.kasargodvartha.com 28.06.2016) പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി കെ മാധവന്‍ നമ്പ്യാര്‍ എന്ന ഗാന്ധി മാധവന്‍ നമ്പ്യാര്‍ (88) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

സൊസൈറ്റി സംരംഭങ്ങളുടെ പ്രചാരകനായിരുന്നു. മേലത്ത് കുഞ്ഞിരാമന്‍ നമ്പ്യാരുടേയും നാരായണി അമ്മയുടേയും ഏഴാമത്തെ മകനായി 1928 ല്‍ പയ്യന്നൂരിലായിരുന്നു ജനനം. മൂത്ത സഹോദരന്‍ സ്വാതന്ത്ര്യ സമര സേനാനി പി കെ ഗോപാലകൃഷ്ണന്‍ നമ്പ്യാരുടെ പാത പിന്തുടര്‍ന്നാണ് സ്വാതന്ത്ര്യസമര രംഗത്ത് സജീവമായത്. മലബാര്‍ മേഖലയില്‍ ചര്‍ക്കയുടേയും ഖാദിയുടെയും പ്രചാരണത്തിനു മുന്‍പന്തിയിലുണ്ടായിരുന്നു.

മാടായി ഫര്‍ക്ക വികസന സൊസൈറ്റി, കേളപ്പജി സ്മാരക മഹിളാസംഘം, പയ്യന്നൂര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി, നിര്‍മല്ലൂര്‍ കോഴിക്കോട് പുനര്‍നിര്‍മാണം, ഗാന്ധിഗ്രാം കോഴിക്കോട് തുടങ്ങിയവയുടെ സ്ഥാപനത്തിനു അമരക്കാരനായി. ഗാന്ധിസം സംബന്ധിച്ചു നിരവധി പ്രഭാഷണങ്ങളും പരിശീലനങ്ങളും സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ന്യൂഡല്‍ഹി ഗ്രാമവികസനത്തിനു നല്‍കിയ സേവനങ്ങളെ പരിഗണിച്ചു 2008 ല്‍ പുരസ്‌കാരം നല്‍കി. ജി രാമചന്ദ്രന്‍ ഐ കെ ഇ ഡി എ അവാര്‍ഡ്, കെ ജനാര്‍ദനന്‍ പിള്ള എന്‍ഡോവ്‌മെന്റ് എന്നിവയും ലഭിച്ചിട്ടുണ്ട്. കാറഡുക്കയില്‍ സ്ഥാപിച്ച ഗാന്ധിസേവാകേന്ദ്രത്തിലായിരുന്നു താമസം.

കാസര്‍കോട് ജില്ലയില്‍ താഴ്ന്നജാതിക്കാര്‍ക്കു ക്ഷേത്രപ്രവേശനത്തിനും ഗാന്ധിയന്‍ ജീവിതരീതിയുടെ പ്രചാരണത്തിനും മുന്നിട്ടിറങ്ങിയ ഗാന്ധി മാധവന്‍ നമ്പ്യാര്‍ തിരുനാവായ സര്‍വോദയമേള, ഭൂദാനപ്രസ്ഥാനം, ഗോവധനിരോധനം, ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് ഫോറം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

സംസ്‌ക്കാരം 29ന് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: എന്‍ രാധ. മക്കള്‍: നിര്‍മല്‍കുമാര്‍ കാടകം (അധ്യാപകന്‍ ജി ജെ ബി എസ് പിലാങ്കട്ട), കെ എന്‍ ആശ (പാലക്കാട്) കെ എന്‍ ജയപ്രകാശ്. മരുമക്കള്‍: ലക്ഷ്മി എസ് നായര്‍ (അധ്യാപിക, എ യു പി സ്‌കൂള്‍ പൈക്ക), ഇ കെ രാധാകൃഷ്ണന്‍ (പാലക്കാട്) എം ശ്രീരേഖ. മറ്റു സഹോദരങ്ങള്‍: പി കെ നന്ദിനിയമ്മ (കുഞ്ഞിമംഗലം), പരേതരായ പി കെ കാര്‍ത്ത്യയാനി, മാധവിയമ്മ, അമ്മാളുയമ്മ, കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ട. അധ്യാപകന്‍).


സ്വാതന്ത്ര്യസമര സേനാനി പി കെ മാധവന്‍ നമ്പ്യാര്‍ അന്തരിച്ചു


Keywords : Kasaragod, Obituary, PK Madhavan Nambiar, Freedom Fighter, Karadukka, Kadakam. കാടകം, Freedom Fighter P K Madhavan Nambiar passes away. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia